തിരുവാതുക്കല്‍ ഇരട്ട കൊലപാതകം; പ്രതി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്.
വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയില്‍ ആയത്. പ്രതിയുമായി കോട്ടയത്ത് നിന്നുള്ള സംഘം പുറപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് പ്രതി മാളയില്‍ എത്തിയതെന്നാണ് വിവരം. ഒറ്റയ്ക്കാണ് മാളയില്‍ എത്തിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാളയില്‍ കണ്ടെത്തിയ പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അസം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ മാള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു. കൊലപാതക വിവരം അറിഞ്ഞുകൊണ്ടാണോ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത് എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ആരായുന്നന്നത്. കൊലപാതക വിവരം അസം സ്വദേശികള്‍ക്ക് അറിയാമെങ്കില്‍ പ്രതിചേര്‍ക്കും.
പ്രതിയില്‍ നിന്ന് വിജയകുമാറിന്റെ രേഖകള്‍ കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. 15,000 രൂപയും പ്രതിയെ പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്നു