Hivision Channel

latest news

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക ഇനി മുതല്‍ 25 കോടി ആയിരിക്കില്ല. സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. 30 കോടിയായിരിക്കും ഇനി മുതല്‍ സമ്മാനത്തുക. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും (ഒരോ സീരീസിലും രണ്ട് വീതം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക (ഓരോ സീരീസിലും ഒന്നു വീതം). ആറാം സമ്മാനം അയ്യായിരം രൂപ വീതം 54,000 പേര്‍ക്ക് വലഭിക്കും. ഏഴാം സമ്മാനമായി ലഭിക്കുന്നത് 2000 രൂപയാണ്. ഇത് 81,000 പേര്‍ക്ക് വഭിക്കും. എട്ടാം സമ്മാനം ആയിരം രൂപ വീതം 1,24,200 പേര്‍ക്കാണ് ലഭിക്കുന്നത്. ഒന്‍പതാം സമ്മാനം അഞ്ഞൂറ് രൂപയാണ്. 2,75,400 പേര്‍ക്കാണ് ഈ തുക ലഭിക്കുക. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം വീതം ഒന്‍പത് പേര്‍ക്കും നല്‍കും. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ പതിനേഴിന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ് അറിയിച്ചു. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണം. സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെയായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം.

വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയില്‍ ആയതിനാല്‍ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്‌ക്വയര്‍ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കറന്റ് പോയപ്പോള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിയാണ് ജീവന്‍ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.

കെ എസ് ആര്‍ ടി സി യില്‍ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ വിദേശത്താണ്.

വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നല്‍കും; മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും.മണ്ണ് നീക്കം ചെയാത്തതില്‍ ഗുരുതര വീഴ്ചയുണ്ട്.

പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ ഈ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശനമായ നിര്‍ദേശങ്ങള്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും. അപകട സാദ്ധ്യതകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,960 രൂപയായി. ഗ്രാമിന് 13,245 രൂപയും നല്‍കേണ്ടി വരും.

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രം

വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു

ഇരിട്ടി:ലയണ്‍സ് ക്ലബ് ഓഫ് ഇരിട്ടിയും, ടീം എന്‍എസ്എസ് ഇരിട്ടി എച്ച് എസ് എസും സ്‌കൗട്ട് ആന്റ് റേഞ്ച്എഴ്‌സും,വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിക്കെതിരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി.വിമുക്തി മിഷന്‍ കണ്ണൂരിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സമീര്‍ ധര്‍മടം ക്ലാസ് എടുത്തു. ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ കെ ടി അനൂപ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി ജി സുനില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജോസഫ് സ്‌കറിയ,വി പി സതീശന്‍,വി എം നാരായണന്‍, സുരേഷ്ബാബു,പ്രിന്‍സിപ്പല്‍ കെ വി സുജേഷ് ബാബു,മേഘന റാം എന്നിവര്‍ സംസാരിച്ചു.

ഓപ്പറേഷന്‍ തണ്ടര്‍ തൂഫാന്‍ ഫുട്‌ബോള്‍ ചലഞ്ച്

ഇരിട്ടി:കേരള എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിനും, കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ സി ഐ ഇരിട്ടി പ്രസിഡന്റ് മനു മാധവന്റെ നേതൃത്വത്തില്‍,നറ്റ്‌മെഗ് സ്‌പോര്‍ട്‌സ് ഹബ്,മാടത്തില്‍ വച്ച് ജെ സി ഐ അംഗങ്ങളുടെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.ജെസിഐ സീനിയര്‍ മെമ്പര്‍ വേണുഗോപാല്‍ കെ പി ഉദ്ഘാടനം ചെയ്തു.മത്സരത്തില്‍ മനു മാധവന്‍, ജോജി വര്‍ഗീസ്, സിനോജ്, വേണുഗോപാല്‍ കെപി , ബിജോയ്, ഷാജി സി എം, അഭിജിത്ത് കുരുമുട്ടം,നവനീത്,ചന്ദ്രഭാനു,വിപിന്‍ ഒ കെ,റസാക്ക് മൂപ്പന്‍, മനു പടിയൂര്‍,സജിന്‍,യാഷ് സജിന്‍,അഷര്‍ കുറുമുട്ടം എന്നിവര്‍ പങ്കെടുത്തു.വിജയികള്‍ക്ക് ജെസിഐ ഇരിട്ടി പ്രസിഡണ്ട് മനു മാധവന്‍ സമ്മാനങ്ങള്‍ കൈമാറി.

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും 2 കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു;ദുരന്തത്തിൽ മരണം അഞ്ചായി

മേപ്പാടി:കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.

മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. NDRF സംഘങ്ങൾ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.