Hivision Channel

latest news

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് രീതി കാണണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണ സംഘം കത്ത് നല്‍കി. നാളെ ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. വിവാദങ്ങള്‍ക്കിടെ നാളെ വീണ്ടും പിഎസ്സി യോഗം ചേരും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാര്‍ക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതില്‍ 58 മാര്‍ക്ക് ഒഴിവാക്കി 42 മാര്‍ക്കിന് മാത്രം മൂല്യനിര്‍ണയം നടത്തി ഇടതു സംഘടനാ നേതാക്കള്‍ക്ക് ഒന്നാം റാങ്കും നിയമനവും നല്‍കി എന്നാണ് പരാതി. അതിനാല്‍ മൂല്യനിര്‍ണയം എങ്ങനെ നടന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി.

നാളെ പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് അന്വേഷണസംഘം ഡെമോ പരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ പിഎസ്സി കൈമാറിയെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും കൈമാറിയിട്ടില്ല. പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇക്കാര്യവും നാളെ പരിശോധിക്കും. ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവേ, നിര്‍ണായക പി.എസ്.സി യോഗം തിങ്കളാഴ്ച ചേരും.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രവചിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വാക്‌സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികള്‍ പിന്തുടരുന്നതും സൂചിക ഉയരാന്‍ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാള്‍ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാംപില്‍ റജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ കേരളത്തിന്റെ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എട്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീര്‍ഘകാലത്തെ അതിതീവ്ര പരിശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളില്‍ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവില്‍ ദീര്‍ഘനാള്‍ 12ല്‍ തന്നെ തുടര്‍ന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്‌നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഒടുവില്‍ 2018ല്‍ ശിശുമരണനിരക്ക് അഞ്ചില്‍ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.

ആ കണക്കാണ് വീണ്ടും ഉയരുന്നത്. ദേശീയ തലത്തില്‍ ശിശുമരണക്ക് 24 ആണ്. പട്ടികയില്‍ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്‌നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാല്‍ മരണനിരക്ക് ഉയര്‍ന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിക്കുമ്പോള്‍ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്‌നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയില്‍ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തില്‍ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്‌സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങള്‍. വീട്ടിലെ പ്രസവം, അക്യുപങ്ചര്‍ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ല്‍ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാര്‍ത്ഥ വശങ്ങള്‍ കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തില്‍ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.

ആശുപത്രി പരിസരത്ത് ഡിവൈഎഫ്‌ഐ പൊതിച്ചോറ് നല്‍കുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ആശുപത്രി പരിസരത്ത് ഡിവൈഎഫ്‌ഐ പൊതിച്ചോറ് നല്‍കുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികള്‍ക്കകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചന്‍ വഴി മാത്രം ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ. സന്നദ്ധ സംഘടനകളുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോണ്‍ഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്ക് ഉള്ളില്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

എംബിബിഎസ് ഫീസ് ഇനി നാലരവര്‍ഷം മാത്രം

എംബിബിഎസ് ഫീസ് ഇനി നാലരവര്‍ഷം മാത്രം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.

അധിക ഫീസ് തിരികെ നല്‍കുന്നതില്‍ തീരുമാനം ഹൈക്കോടതി വിധി പ്രകാരമായിരിക്കും. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍, നാലര വര്‍ഷ കോഴ്സ് അഞ്ച് വര്‍ഷമായി കണക്കാക്കി മെഡിക്കല്‍ കോളജുകള്‍ വാങ്ങിയിരുന്നത് ലക്ഷങ്ങളാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങും. വരും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.

ദിവസം മുഴുവനും യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുക. ഇത് കൂടി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഒപ്പം കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളും കെഎസ്ഇബിയും വൈദ്യുതി വകുപ്പും തേടുന്നുണ്ട്. ഓണക്കാലം മുന്നില്‍ കണ്ട് അടുത്തമാസം തുടങ്ങും മുന്നേ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. കേന്ദ്ര വൈദ്യുതി ഉല്പാദന നിലയങ്ങളില്‍ നിന്ന് അധിക വിഹിതം ലഭ്യമാക്കി വൈദ്യുതി വാങ്ങാന്‍ ആണ് ശ്രമം.

വൈദ്യുതി നിയന്ത്രണത്തില്‍ ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ രം?ഗത്തെത്തി. നിയന്ത്രണസമയം നേരത്തെ അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. ഒരു പ്രദേശത്ത് തുടര്‍ച്ചയായ നിയന്ത്രണം അത് ഒരേസമയത്താകണം. ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യകത തലേന്ന് തീരുമാനിക്കാന്‍ ആകുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പറഞ്ഞു. സമയക്രമം പാലിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റെഗുലേറ്ററില്‍ കമ്മീഷന്റെ നിര്‍ദേശം. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ കെഎസ്ഇബി തയ്യാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനമായ പത്ത് കോടി  MC 57 68 96 എന്ന നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബര്‍ BR 110 ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി MC 57 68 96 എന്ന നമ്പറിന്. കണ്ണൂര്‍ ജില്ലയിലെ ഏജന്റ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തത് എറണാകുളം ജില്ലയില്‍ നിന്നാണ്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

Consolation Prize Rs.1,00,000/-
MA 576896
MB 576896
MD 576896
ME 576896

2nd Prize Rs.10,00,000/- [10 Lakhs]
MA 530984
MB 884378
MC 351820
MD 557299
ME 685578

3rd Prize Rs.5,00,000/- [5 Lakhs]
MA 816079
MB 725332

MC 504425
MD 323192
ME 739809

4th Prize Rs.3,00,000/- [3 Lakhs]
MA 838733
MB 509385
MC 254807
MD 536900
ME 535035

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടല്‍. കെഎസ്ഇബി സമര്‍പ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. കെഎസ്ഇബിയുടെ ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വര്‍ഷത്തേക്കാണ് കരാര്‍. എന്‍ടിപിഎസ് കമ്പനിയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങും. അദാനി ഗ്രൂപ്പില്‍ നിന്നും 100 മെഗാവാട്ട് വാങ്ങും.

വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം പറഞ്ഞു. പ്രതിസന്ധിയെ തുടര്‍ന്ന് മൂലമറ്റം വൈദ്യുതി നിലയം ഉല്‍പാദനം കൂട്ടി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നു. 0 ദശലക്ഷം യൂണിറ്റില്‍ നിന്ന് 10.47 ദശലക്ഷം യൂണിറ്റിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കി ജലാശയത്തിലെ ജലനിരപ്പും താഴ്ന്നു. പൊതുവേ ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞത് പ്രതിസന്ധി ഇരട്ടിയാക്കി.കേരളത്തിന്റെ ചരിത്രത്തില്‍ ആയിരം മെഗാവാട്ട് വൈദ്യുതി ആവശ്യകതയിലേക്ക് ജൂലൈ മാസത്തില്‍ ഇതിനുമുമ്പ് പോയിട്ടില്ല.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന്റെ അളവ് ഗണ്യമായി കൂടിയത് സാഹചര്യം ഗുരുതരമാക്കിയെന്നാണ് കെഎസ്ഇബിയുടെ വാദം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചീമേനി ആണവ നിലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം കെഎസ്ഇബി നിലകൊള്ളുമെന്ന് ചെയര്‍മാന്‍ എംജി രാജമാണിക്യം പറഞ്ഞു. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ബോര്‍ഡ് വൈദ്യുതി വാങ്ങിയില്ലെന്ന് മുന്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി കുറ്റപ്പെടുത്തി.

ചോദ്യപേപ്പര്‍ മാറി നല്‍കി; പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, സ്റ്റോര്‍മാന്‍ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പര്‍ മാറിയതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നല്‍കിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാവുകയായിരുന്നു.

ഉച്ചക്ക് ശേഷം 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം. എല്ലാ ജില്ലകളിലും ചോദ്യപേപ്പര്‍ മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്തതില്‍ പിഎസ്സിക്ക് പറ്റിയ പിഴവാണ് എന്നാണ് പ്രാഥമിക നിഗമനം.

വിശദീകരണവുമായി PSC രംഗത്തെത്തി. കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് ഉള്‍പ്പെടെയുള്ള പരീക്ഷയാണ് റദാക്കിയത്. ആലപ്പുഴയില്‍ ഒരു കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറി പോയെന്നു PSC. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും PSC യുടെ വിശദീകരണം.

രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് വിക്രം വണ്‍. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്പേസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിര്‍മിച്ചത്.

‘മിഷന്‍ ആഗമന്‍’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. പൂര്‍ണ്ണമായും കാര്‍ബണ്‍-കോമ്പോസിറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ലിക്വിഡ് എഞ്ചിനുകള്‍ പൂര്‍ണ്ണമായും 3ഉപ്രിന്റിങ് സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചത്. 21 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ആദ്യ യാത്രയില്‍ ഉപഗ്രഹങ്ങളില്ല. മറിച്ച് നാല് പേലോഡുകളാണ് ബഹിരാകാശത്ത് എത്തിക്കുന്നത്.

ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് 3, മറ്റൊരു സ്റ്റാര്‍ട്ട് അപ്പായ കോസ്‌മോവേഴ്‌സ് സ്‌പേസിന്റെ എംബ്രേസ് തുടങ്ങിയ പേലോഡുകളാണ് റോക്കറ്റ് വഹിക്കുക. അന്തരീക്ഷത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയാണ് എമ്പ്രേസിന്റെ ലക്ഷ്യം. അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കത്തിക്കുക വഴിയാണ് ഈ മാലിന്യനിര്‍മാര്‍ജ്ജനം.
സി.വി. രാമന്‍, വിക്രം സാരാഭായ്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുടെ സൂക്ഷ്മ ശില്‍പ്പങ്ങളും റോക്കറ്റ് കൊണ്ടുപോകും.

റോക്കറ്റിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഇന്‍-ബില്‍റ്റ് ഇന്റലിജന്‍സ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.2022 നവംബറില്‍ ‘വിക്രം-എസ്’ എന്ന സബ്ഓര്‍ബിറ്റല്‍ റോക്കറ്റ് സ്‌കൈറൂട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കുന്നതില്‍ ഈ ദൗത്യം നിര്‍ണായക പങ്ക് വഹിക്കും.