Hivision Channel

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വാക്‌സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികള്‍ പിന്തുടരുന്നതും സൂചിക ഉയരാന്‍ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാള്‍ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാംപില്‍ റജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ കേരളത്തിന്റെ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എട്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീര്‍ഘകാലത്തെ അതിതീവ്ര പരിശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളില്‍ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവില്‍ ദീര്‍ഘനാള്‍ 12ല്‍ തന്നെ തുടര്‍ന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്‌നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഒടുവില്‍ 2018ല്‍ ശിശുമരണനിരക്ക് അഞ്ചില്‍ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.

ആ കണക്കാണ് വീണ്ടും ഉയരുന്നത്. ദേശീയ തലത്തില്‍ ശിശുമരണക്ക് 24 ആണ്. പട്ടികയില്‍ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്‌നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാല്‍ മരണനിരക്ക് ഉയര്‍ന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിക്കുമ്പോള്‍ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്‌നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയില്‍ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തില്‍ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്‌സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങള്‍. വീട്ടിലെ പ്രസവം, അക്യുപങ്ചര്‍ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ല്‍ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാര്‍ത്ഥ വശങ്ങള്‍ കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തില്‍ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *