Hivision Channel

latest news

ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.

‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി.എ, അനില്‍കുമാര്‍ കെ എസ്, തുടങ്ങിയവര്‍ സന്നിഹിതരായി. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.

ഒരു കോടി വീതം ഇരുപത് പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് സംസ്ഥാനത്തെ മഴയുടെ കുറവും. വരുംദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നതും.

വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ 9 വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ 9 വയസ്സുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫിന്റെ മകന്‍ ഇയാസ് ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.

മരണശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചതെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. കുണ്ടം കുഴി ഗവണ്‍മെന്റ് സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി: യുവാവ് അറസ്‌റ്റിൽ, ഉത്തരങ്ങൾ അയച്ച അധ്യാപകൻ ഒളിവിൽ

കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റ‌ിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.

ജനാർദനയ്ക്ക് നിയമനം സ്‌ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പൊലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്. ഇയാൾ അഡ്മിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.

കൂത്തുപറമ്പ് എസിപി സിബി ടോമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റും എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.

വയനാട് തുരങ്ക പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാണ് പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. അപകടകരമാം വിധം കൂട്ടിയിട്ട മണ്ണ് എത്രയും പെട്ടന്ന് നീക്കം ചെയ്യാന്‍ ജില്ലാ ഭരണ കൂടം മണ്ണിടിച്ചില്‍ ദുരന്തത്തിനു മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി മണ്ണ് നീക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. മൂന്നംഗ സമിതിയില്‍ കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പി, എന്‍സിഇഎസ്എസ് പ്രതിനിധി കെ ശ്രീലേഷ്, എന്നിവരാണ് എത്തിയത്. പരിസ്ഥിതി ഡയറക്ടറേറ്റ് എന്‍ജിനീയര്‍ ഡോ. ജൂഡ് സംഘത്തില്‍ ഉണ്ടായിരുന്നില്ല. കൊങ്കണ്‍ റെയില്‍വേ നിയോഗിച്ച വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി.

നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

ഇരിട്ടി:ഇരിട്ടിയില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍.ഉളിയില്‍ സ്വദേശി കേളോത്ത് സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 2 ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സ്, കൂള്‍ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്.

വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ഫോണ്‍ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കെഎസ്ഇബി ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികള്‍ കൂടുതല്‍ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എംഎല്‍എമാര്‍ മുന്‍കൈ എടുക്കണം. എംഎല്‍എ ചെയര്‍പേഴ്‌സണും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാന്‍സറിന് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നു; കര്‍ശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

കേരളത്തില്‍ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകള്‍ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ വാഹനങ്ങള്‍ മദ്യപിച്ച് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഒരിക്കല്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി വീണ്ടും രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം മെയ് 31നാണ് എല്‍പി സ്‌കൂള്‍ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലിസ്റ്റ് വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഡിവിഷന്‍ ഫാള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

ഇടത് സര്‍ക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസ്;ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം നല്‍കി ഇറങ്ങി ഒരുമാസമാകും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.