Hivision Channel

latest news

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അര്‍ണബ് മറ്റന്നാള്‍ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ്, ഇന്ന് അര്‍ദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബര്‍ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ് ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി Read More »

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച്

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച്. ജഡ്ജിമാരുടെ എണ്ണം കൂടിയ ബെഞ്ചുകള്‍ക്ക് മറ്റൊരു ബെഞ്ചിനു മേല്‍ മേല്‍നോട്ട അധികാരം സ്ഥാപിക്കാനാകില്ലെന്നും ഹൈക്കോടതി. സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നീരിക്ഷണം.

രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്, സിംഗിള്‍ ബെഞ്ചിനോട് എങ്ങനെ കേസുകള്‍ വിലയിരുത്തണമെന്ന തരത്തില്‍ ഉപദേശമോ നിര്‍ദേശമോ നല്‍കാന്‍ അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എല്ലാവരും തുല്യ പദവി വഹിക്കുന്നവരാണ്. ചീഫ് ജസ്റ്റിസ് എന്നത് ‘തുല്യരില്‍ ഒന്നാമന്‍’ എന്ന സ്ഥാനം വഹിക്കുന്നുവെന്ന് മാത്രം.

എല്ലാ ബെഞ്ചുകളും തുല്യമാണ്, അവയില്‍ ഒന്നുപോലും മറ്റൊന്നിന് താഴെയോ മുകളിലോ എന്ന് അര്‍ത്ഥമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍വ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്‌ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിലയിരുത്തല്‍.

ഏതെങ്കിലും ഹര്‍ജിയില്‍ മതിയായ കാരണങ്ങളാല്‍ സിംഗിള്‍ ബെഞ്ച് ഇടപെടാതിരുന്നാല്‍ അത്തരം ഉത്തരവ് ഡിവിഷന്‍ ബെഞ്ചിന് റദ്ദ് ചെയ്യാം. എന്നാല്‍ സിംഗിള്‍ ബെഞ്ച് ജഡ്ജിയെ കുറ്റപ്പെടുത്താന്‍ ഡിവിഷന്‍ ബഞ്ചിന് അവകാശമില്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച് Read More »

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മഴ തുടരും എന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് Read More »

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പി എസ് സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. പിഎസ്സി യുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞു.

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »

പി എസ് സി അംഗങ്ങളുടെ നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍

പി എസ് സി അംഗങ്ങളുടെ നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍. അംഗങ്ങള്‍ക്ക് യോഗ്യത നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാകും കൊണ്ടുവരിക. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ജോലി പരിചയം മാത്രമാണ് നിലവിലെ യോഗ്യത. പി എസ് സി ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംസ്ഥാനത്തെ ഗവര്‍ണറാണ്. പി എസ് സി അംഗങ്ങളുടെ കാലാവധി 6 വര്‍ഷം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയാണ്.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി പ്രതികൂട്ടില്‍ നില്‍ക്കെയാണ് സര്‍ക്കാര്‍ നീക്കം. പിഎസ്സിക്ക് നഷ്ടപ്പെട്ട വിശ്വാസ്യതയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ട്. അതിനിടെ പി എസ് സി ചെയര്‍മാന്‍ ഡോ എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായി. ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുടെ നീക്കം.

പരീക്ഷ ക്രമക്കേടില്‍ പിഎസ്സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്ഐടിയുടെയും കണ്ടെത്തല്‍. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പിഎസ് സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാന്‍ നീക്കം നടക്കുന്നതിനെടയാണ് ഗവര്‍ണറുടെ ശിപാര്‍ശ പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം നടക്കുന്നത്.

പി എസ് സി അംഗങ്ങളുടെ നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍ Read More »

കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ(52), മകള്‍ അനഘശ്രീ(20) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ ഇവര്‍ താമസിച്ചിരുന്ന നെലമംഗലയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ Read More »

എകെസിസി കുന്നോത്ത് ഫൊറോന ലൈസജോസിനെ ആദരിച്ചു

ഇരിട്ടി:അയ്യങ്കുന്ന് പഞ്ചായത്തിലെ കമ്പനിനിരത്ത് പനക്കരയില്‍ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണത്തില്‍ നിന്ന് അയല്‍വാസിയായ അറുകാക്കല്‍ വര്‍ഗീസിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന ചിരട്ടക്കാട്ട് ലൈസജോസിനെ എകെസിസി കുന്നോത്ത് ഫൊറോനാ ഡയറക്ടര്‍ ഫാദര്‍ മാത്യു ശാസ്താംപടവിലും ഫൊറോനാ ഭാരവാഹികളും വീട്ടിലെത്തി ആദരിച്ചു.ആനപ്പന്തി ഇടവക വികാരി ഫാ ബിജു തേലക്കാട്ട്, എകെ സി സി ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ബെന്നി പുതിയാമ്പുറം, രൂപതാ സെക്രട്ടറി ഷാജു ഇടശ്ശേരി,ഷിബു കുന്നപ്പള്ളില്‍ എന്‍ വി ജോസഫ്,സിസ്റ്റര്‍ ട്രീസ കാട്ടൂര്‍,ഷിജി കാഞ്ഞമല തുടങ്ങിയവര്‍ സംസാരിച്ചു.

എകെസിസി കുന്നോത്ത് ഫൊറോന ലൈസജോസിനെ ആദരിച്ചു Read More »

കേരളാ സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

കേരളാ സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. വേണ്ടിവന്നാല്‍ ബോണ്‍ ടെസ്റ്റ് നടത്തും. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയര്‍ന്നാലും നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതികള്‍ ഉയര്‍ന്നാല്‍ കേള്‍ക്കും. അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കായികമേളയ്ക്ക് മഴ വെല്ലുവിളി ആകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മഴ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്കും മാനം തെളിയും. കായികമേള നല്ല രീതിയില്‍ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പോരായ്മയും ഉണ്ടാവാതിരിക്കാന്‍ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ പരിശോധിച്ച് ഉറപ്പുവരുത്തി. എന്‍ഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അറുപത്തി എട്ടാമത് കേരള സ്‌കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കോഴിക്കോട് തുടക്കമാകുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശന്‍ കായിക മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും ഇതിഹാസ താരവുമായ പി ടി ഉഷയാണ് മേളയുടെ ദീപശിഖ തെളിക്കുക.

കേരളാ സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി Read More »

മനുഷ്യ -വന്യമൃഗ സംഘര്‍ഷം: ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും

മനുഷ്യ -വന്യമൃഗ സംഘര്‍ഷത്തില്‍ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും. 14 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനം. ഉത്തരവ് ഇറക്കുന്ന നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കി. വന്യജീവി ആക്രമണത്തിലുണ്ടാകുന്ന കൃഷി നാശത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കാട്ടുപോത്ത്-കാട്ടാന ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.

നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ വനംവകുപ്പിന്റെ അനുമതിക്കായി എത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവരടക്കം ഉയര്‍ത്തിയ ആവശ്യമായിരുന്നു നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഉത്തരവ് പുറത്തിറക്കാനാണ് വനംവകുപ്പ് തീരുമാനം.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ നടപടി.

മനുഷ്യ -വന്യമൃഗ സംഘര്‍ഷം: ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും Read More »

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ബംഗാള്‍ ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്‌യാനം തീരങ്ങള്‍ക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്ലക്കും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കരതൊടാന്‍ സാധ്യത.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു Read More »