Hivision Channel

പി എസ് സി അംഗങ്ങളുടെ നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍

പി എസ് സി അംഗങ്ങളുടെ നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍. അംഗങ്ങള്‍ക്ക് യോഗ്യത നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാകും കൊണ്ടുവരിക. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ജോലി പരിചയം മാത്രമാണ് നിലവിലെ യോഗ്യത. പി എസ് സി ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംസ്ഥാനത്തെ ഗവര്‍ണറാണ്. പി എസ് സി അംഗങ്ങളുടെ കാലാവധി 6 വര്‍ഷം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയാണ്.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി പ്രതികൂട്ടില്‍ നില്‍ക്കെയാണ് സര്‍ക്കാര്‍ നീക്കം. പിഎസ്സിക്ക് നഷ്ടപ്പെട്ട വിശ്വാസ്യതയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ട്. അതിനിടെ പി എസ് സി ചെയര്‍മാന്‍ ഡോ എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായി. ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുടെ നീക്കം.

പരീക്ഷ ക്രമക്കേടില്‍ പിഎസ്സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്ഐടിയുടെയും കണ്ടെത്തല്‍. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പിഎസ് സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാന്‍ നീക്കം നടക്കുന്നതിനെടയാണ് ഗവര്‍ണറുടെ ശിപാര്‍ശ പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് നിയമന ചട്ടഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *