Hivision Channel

latest news

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും’; കെ മുരളീധരന്‍

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങള്‍ സംസാരിക്കും. ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജില്ലാഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാര്‍ഥ്യമാണ്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്മെന്റ്സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത്. അത്തരത്തില്‍ നിര്‍ദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് ആരോപണം.
പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. അതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. അനുവദിച്ച ആംബുലന്‍സില്‍ ഫ്രീസര്‍ ഇല്ലായിരുന്നു. ഇക്കാര്യം ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ സൂചിപ്പിച്ചിരുന്നു. അതിനെ കുറിച്ചൊന്നും പേടിക്കണ്ട. കൊണ്ടുപൊയ്‌ക്കൊള്ളു. ബാക്കി കാര്യങ്ങള്‍ താന്‍ ഏറ്റു എന്നാണ് പറഞ്ഞത്. ഫ്രീസര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞത്. വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നത് കുടുംബം വ്യക്തമാക്കി.

ജില്ലയില്‍ രണ്ട് ക്യാമ്പുകളിലായി 35 പേര്‍

കണ്ണൂര്‍:ബുധനാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ചു കണ്ണൂര്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 35 പേരാണുള്ളത്. ഇതില്‍ 19 സ്ത്രീകളും 9 പുരുഷന്മാരും 7 കുട്ടികളുമാണ്. തലശ്ശേരി താലൂക്കില്‍ തൃപ്പങ്ങോട്ടൂര്‍, കോളയാട് ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യണം. സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി. അതീവ ഗൗരവമുള്ള കേസുകളില്‍ ഉള്ളടക്കം രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. നഗ്നദൃശ്യങ്ങള്‍, ഡീപ്‌ഫേക്ക് ഉള്ളടക്കം എന്നിവയില്‍ നടപടി രണ്ട് മണിക്കൂറിനകമുണ്ടാകണം. കൂടാതെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ, ടെക്സ്റ്റ് എന്നിവ വ്യക്തമായി ലേബല്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കി

എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്റുകള്‍ കൃത്യമായി എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തമെന്നും ട്രേസബിള്‍ മെറ്റാഡാറ്റ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം. നഗ്‌നത, മോര്‍ഫിങ്, ഫേക്ക് ചിത്രങ്ങള്‍ തുടങ്ങിയ പരാതികളില്‍ അതിവേഗം നടപടി വേണമെന്നത് പലരും ദീര്‍ഘമായി ഉന്നയിക്കുന്ന ആവശ്യമാണ്. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളില്‍ 36 മണിക്കൂറുകള്‍ക്കകം തീര്‍പ്പുണ്ടാകണം. മുമ്പ് ഇത് 72 മണിക്കൂറുകളായിരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഉച്ചവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതീവ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; ഗുരുതരാവസ്ഥയില്‍

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.

ഇന്ന് മുതല്‍ മഴ വീണ്ടും സജീവമാകും

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. വടക്കന്‍ കേരളത്തില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു. കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരം ഇരിക്കും: സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ് വളര്‍മതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. ആരോഗ്യസ്ഥിതി വഷളായാല്‍ ഉദ്യോഗാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. ഏഴുതവണ സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിട്ടില്ല.

പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കിയാല്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്കിലും ജോലി ലഭിക്കും.

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ അടിഞ്ഞു കൂടി: ഇന്നുമുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങില്ല, പദ്ധതി നിര്‍ത്തലാക്കിയെന്ന് നോട്ടീസ് പ്രദര്‍ശിപ്പിക്കും

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയെന്ന് ഇന്നുമുതല്‍ ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. കാലിയായ മദ്യക്കുപ്പികള്‍ അടിഞ്ഞു കൂടിയതോടെയാണ് കാലിയായ മദ്യകുപ്പികള്‍ നീക്കം ചെയ്യാതെ പല ഔട്ട്‌ലറ്റുകളിലും കെട്ടികിടന്നു. കുപ്പികള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരാതി അറിയിച്ചിരുന്നു. മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയില്‍ നിന്നുള്ള ബെവ്‌കോയുടെ പിന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതാണ് പദ്ധതി. എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതിക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുവരെ മദ്യം വാങ്ങിയവര്‍ക്ക് ഈ മാസം 20 വരെ കുപ്പി തിരികെ നല്‍കി പണം കൈപ്പറ്റാം. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല.

ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.