കുരങ്ങുവസൂരി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്……
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് ഇതുവരെ കുരങ്ങുവസൂരി സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്. വ്യാപനതോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങുവസൂരിയില്‍ ജാഗ്രത ശക്തമാക്കുകയാണ് സര്‍ക്കാര്‍. രേഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. നിലവില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ആദ്യ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തൃശൂരില്‍ കുരങ്ങുവസൂരിയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.