Hivision Channel

latest news

വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. വീട്ടില്‍ പണിക്ക് എത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം.

പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോള്‍ ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും; ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കുക, അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ദീപാവലി; വെളിച്ചത്തിന്റെ ഉത്സവം ആഘോഷിച്ച് രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.

തിന്മയുടെ ഇരുളിന്‍ മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണെന്നും ശ്രീരാമന്‍ രാവണനിഗ്രഹം നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

കണ്ണൂര്‍ എഡിഎം ആയി സി.പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി സി. പത്മചന്ദ്ര കുറുപ്പ് (55) ചുമതലയേറ്റു. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. കൊല്ലം കളക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സ്വപ്ന പുനലൂര്‍ വി എച്ച് എസ് എസില്‍ ഇന്‍സ്ട്രക്ടറാണ്. വിദ്യാര്‍ത്ഥികളായ ഐശ്വര്യ, അഭിഷേക് എന്നിവര്‍ മക്കളാണ്.

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

കാസര്‍കോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ച് 154 പേര്‍ക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

വയനാട്:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരിക്കൂര്‍ മണ്ഡലം ഇന്‍വെസ്റ്റേഴ്‌സ് റിവ്യൂമീറ്റ് പാലക്കയംതട്ടില്‍ ആരംഭിച്ചു

ഇരിട്ടി:ഇരിക്കൂര്‍ മണ്ഡലം ഇന്‍വെസ്റ്റേഴ്‌സ് റിവ്യൂമീറ്റ് പാലക്കയംതട്ടില്‍ ആരംഭിച്ചു.അഡ്വ.സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.പാലക്കയംതട്ട് ഹില്‍ടോപ്പ് റിസോര്‍ട്ടിലെ മീറ്റില്‍ നൂറിലധികം നിക്ഷേപകര്‍ പങ്കെടുക്കുന്നു

നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം നവംബർ 17ലേക്ക് മാറ്റിവച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു. നവംബര്‍ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്. നേരത്തേ നവംബര്‍ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കര്‍ വഹിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി.

ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസം എന്നാണ്് പ്രാഥമിക വിലയിരുത്തല്‍
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിശദീകരണം.

രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ ശബ്ദം കേട്ടിരുന്നു. ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. ഭൂമിക്കടിയില്‍ പാറകള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര്‍ പറഞ്ഞത്.