Hivision Channel

latest news

കാലവര്‍ഷം മെയ് 19 ഓടു കൂടി എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു.

തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ നിന്ന് വിദര്‍ഭയിലേക്ക് മറ്റൊരു ന്യുനമര്‍ദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 19 ന് അതി ശക്തമായ മഴക്കും, മെയ് 15 മുതല്‍ 19 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കെഎസ്ആര്‍ടിസി ബസില്‍ ലഘുഭക്ഷണം നല്‍കും;പ്രൊപ്പോസല്‍ ക്ഷണിച്ചു

ബസ് യാത്രകളില്‍ ലഘുഭക്ഷണം നല്‍കിക്കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആര്‍ടിസി. ലഘുഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകളും വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ബസ് യാത്രകള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നല്‍കണം. ലഘുഭക്ഷണങ്ങള്‍ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിര്‍ദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകള്‍ക്കുള്ളില്‍ ഷെല്‍ഫ്/ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആര്‍ടിസി നല്‍കും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

പ്രൊപ്പോസലുകള്‍ മുദ്രവച്ച കവറില്‍ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ഗ്രൗണ്ട് ഫ്‌ലോറിലെ തപാല്‍ സെക്ഷനില്‍ നേരിട്ടെത്തിക്കണമെന്നാണ് നിര്‍ദേശം. ഓരോ പ്രൊപ്പോസലും ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദ്ദേശം – കെഎസ്ആര്‍ടിസി ബസ്സുകളില്‍’ എന്ന് വ്യക്തമായി അടയാളപ്പെടുത്തി മെയ് 24ന് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസര്‍ ) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

പത്തനംതിട്ടയില്‍ 14 വയസുകാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് മാതാപിതാക്കള്‍ക്ക് കുറിപ്പ്

മല്ലപ്പള്ളിയില്‍ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യന്‍ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.

കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാന്‍ഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടില്‍ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നല്‍കുമെന്നും കത്തില്‍ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്റെ ഹോബി. അഞ്ച് വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്‌വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടല്‍ക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച

കാസര്‍ഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച.പുലര്‍ച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി.

മുത്തശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവിംഗ് സ്‌കൂള്‍ സമരം;ഗതാഗത മന്ത്രി നാളെ സമരക്കാരുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.

ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

പരിഷ്‌കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍ പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ 2024 മെയ് 31 തീയതി വരെ നടത്തുന്നതാണ്. തുല്യത രജിസ്‌ട്രേഷന്‍ നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഏഴാം ക്ലാസ് വിജയിച്ച 2024 ജനുവരി 31ന് മുന്‍പ് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 2024 ജനുവരി 31ന് 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 790 260 7345.

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാല്‍ കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തം; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ മന്ത്രി

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം.

മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പോക്‌സോ കേസ് അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.

പോക്‌സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.
കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു വര്‍ഷം മുമ്പുള്ള പോക്‌സോ കേസിലെ ഇരയാണ്. കേസിലെ പ്രതികളെ അന്ന് അറസ്റ്റു ചെയ്തിരുന്നു.ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.