സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാനാകും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആര്‍ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോള്‍ മിന്‍ഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.
സംസ്ഥാന സ്കൂള്‍ കായിക മേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായിക അധ്യാപകന് ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്പ്പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ഒന്നും പറയാനില്ലെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്റെ പ്രതികരണം.
ഉച്ചഭക്ഷണത്തിനൊപ്പം നല്കിയ സാമ്പാറില്‍ പുഴു ഉണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച കേസിലാണ് എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി എച്ച് എസ് എസിലെ കായികാധ്യാപകന് ജിജോ ജെയിംസിനെ ഇക്കഴിഞ്ഞ 29 തിന് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂര്‍വമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പെരുമ്പാവൂര്‍ സ്വദേശിയായ ജിജോയുടെ രാഷ്ട്രീയ പശ്ചാത്തലവും വലിയ വിവാദമായിരുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. നാളെ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ മുറാസു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ മുപ്പത് മുതല്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവര്‍ന്നത്. തുടര്‍ന്ന് ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവര്‍ന്നത്.
ചേരാനല്ലൂര്‍ ബെന്‍സ് വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറിലെ ജഡ്ജ് എന്നെഴുതിയ ബോര്‍ഡ് എടുത്തു മാറ്റിയെന്നും, പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചുവെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.
കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം തങ്ങള്‍ക്കുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണം എന്നതാണ് ആവശ്യം. പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം എത്തിയത് ചട്ടവിരുദ്ധമായാണ്. ഇതിന്റെ ഉദ്ദേശ്യം പൊലീസുകാരെ സ്വാധീനിക്കുക എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 238 കൂടി ജഡ്ജിക്കെതിരെ ചുമത്തണം എന്നുള്ളതാണ് പ്രധാനപ്പെട്ട ആവശ്യം.
പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.
കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികള്‍ കാര്‍ട്ടണ്‍ കമ്പനിക്ക് നല്‍കിയതായും, ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലന്‍സ് ശേഖരിച്ചത്. കരാര്‍ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചന.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കെഎസ്ആര്‍ടിസി പെന്ഷന് കൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെന്ഷന് പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. പെന്ഷന് കൂട്ടിയാല്‍ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെന്ഷന് കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെന്‍ഷന്‍കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.
മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.
അപേക്ഷ നല്കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചത് ജൂണ്‍ 23നാണ്. ജൂണ്‍ 24ന് ലൈസന്‍സ് നല്കി.
സംഭവത്തില്‍ ലൈസന്‍സ് നല്കിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സസ്പെന്‍ഷനിലാണ്. വീര്യം കൂടിയ വൈനിന് അനുമതി നല്കിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്കിയ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സസ്പെന്‍ഷനില്‍ ആകുന്നത്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് തരം മാറ്റിയാണ് അനുമതി നല്‍കിയത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്, കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി അറിയാത്ത തരത്തില്‍ സിസ്റ്റം ഉണ്ടാക്കി വെച്ചാല്‍ മന്ത്രി അത് തിരുത്തുമെന്നും സര്‍ക്കാര്‍ നയം അനുസരിച്ചു മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂ എന്നും എക്സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുന്‍പായി പുതിയ ബാറുകള്‍ക്ക് അനുമതി നല്കാന് പാടില്ല എന്ന നിര്‍ദ്ദേശം നിലനില്ക്കെകയാണ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ നടന്നത്. ഫോര്‍ട്ടി വൈന്‍ വിവാദത്തില്‍ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥനെയും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു.
പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്(പി. എസ്. എഫ്) സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും. 10,000-ത്തിലധികം ഓട്ടക്കാരെയും അത്രതന്നെ കാണികളെയും പങ്കെടുപ്പിച്ച് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികമേളകളിലൊന്നായി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യം. വിവിധ സംഘടനകളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, നാട്ടുകാരുടെയും, സ്പോണ്‍സര്‍മാരുടെയും പിന്തുണയോടെയും സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷവും ടൈറ്റില്‍ സ്പോണ്സര് വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ്. ഈ പരിപാടിയുടെ ടെക്നിക്കല്‍ പാര്‍ട്ണര്‍ അഞ്ജു ബോബി സ്പോര്‍ട്സ് ഫൗണ്ടേഷന് ആണ്. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജാണ് ഇവന്റ് അംബാസഡര്‍. സേ നോ ടു ഡ്രഗ്സ് എന്ന സന്ദേയമുയര്ത്തി, യുവതലമുറയെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, എന്നിവയാണ് മാരത്തണിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 10.5 കിലോമീറ്റര്‍ ടൈംഡ് റണ്‍, നാല് കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. പങ്കെടുക്കുന്നവര്‍ക്ക് റേസ് കിറ്റ്, റണ്ണേഴ്സ് ജേഴ്സി, ഫിനിഷേഴ്സ് മെഡല്‍, പ്രഭാതഭക്ഷണം എന്നിവ ലഭിക്കും. 10.5K റണ്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കും. ഈ വര്‍ഷത്തെ മാരത്തണില്‍ ആകെ ?1,42,000 സമ്മാനത്തുകയായി വിതരണം ചെയ്യും. ആറ് മത്സരവിഭാഗങ്ങളിലായി 60 സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം. വീല്‍ചെയര്‍ മത്സരവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ‘ബഡ്സ്’ സ്കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടമത്സരവും പ്രധാന ആകര്‍ഷണങ്ങളാണ്. www.peravoormarathon.com വഴി ഓണ്‍ലൈനായി ഡിസംബര്‍ ഏഴ് വരെ രജിസ്ട്രര്‍ ചെയ്യാം. വാര്‍ത്താ സമ്മേളനത്തില്‍ ഇവന്റ് അംബാസഡര്‍ അഞ്ജു ബോബി ജോര്‍ജ്, ടൈറ്റില്‍ സ്പോണ്സര് വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ്, അഡീഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് & സോണല്‍ ഹെഡ് ഫെഡറല്‍ ബാങ്ക്, ബിനു തോമസ്, പി.എസ്.എഫ്. പ്രസിഡന്റ് ഫ്രാന്‍സിസ് ബൈജു ജോര്‍ജ് പി.എസ്. എഫ് വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281130787,9447263904,7902436501.