Hivision Channel

latest news

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു.എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാല്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കര്‍ണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയില്‍ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത് ബെംഗളുരുവില്‍ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

നാളെ (6/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 7ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും 8ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും മഴ സാധ്യതയുണ്ട്. 9-ാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

ഇന്ന് തെക്കു കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. സൊമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

നാളെ (06/01/2025) സൊമാലിയ തീരം അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു.മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട ആളാണ്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം ഉണ്ടായത്. മണിയുടെ കൈയില്‍ ഉണ്ടായിരുന്ന കുട്ടി തെറിച്ചു വീണു.കൂടെയുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിതാ കോളജില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിച്ചു

കണ്ണൂര്‍:കേരള സംസ്ഥാന യുവജന കമ്മീഷന്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വിമണ്‍സ് കോളേജില്‍ നടത്തിയ സംസ്ഥാനതല ചെസ്സ് മത്സരത്തില്‍ തൃശ്ശൂര്‍ പൂച്ചിനിപാടം സ്വദേശി കെ.ബി അനൂപ് ജേതാവായി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി പി. ജയകൃഷ്ണന്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പി. എസ് സോനുമോന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് ജനുവരി 15 ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. ഏഴു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമായി 48 പേര്‍ പങ്കെടുത്തു. സി.വി ശബരിരാജ് ആയിരുന്നു മത്സരത്തിന്റെ ചീഫ് ആര്‍ബിറ്റര്‍.
രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ചെസ്സ് മത്സരത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മത്സരാര്‍ഥികളുടെ പ്രായം 18 ല്‍ നിന്ന് 15 ആക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യുവജന കമ്മീഷന്‍ നടത്തുന്ന പ്രഥമ സംസ്ഥാന തല ചെസ്സ് മത്സരമാണിത്. മറ്റ് കായിക മത്സരങ്ങള്‍ പോലെ കേരളത്തില്‍ ചെസ്സിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അക്കാരണത്താലാണ് സംസ്ഥാന തലത്തില്‍ ചെസ്സ് മത്സരം നടത്താന്‍ തീരുമാനിച്ചത്. വരും വര്‍ഷങ്ങളിലും ചെസ് മത്സരം സംഘടിപ്പിക്കുമെന്നും എം. ഷാജര്‍ പറഞ്ഞു. കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി ചന്ദ്രമോഹന്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാ ചെസ്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ വി.യു സെബാസ്റ്റ്യന്‍, യുവജന കമ്മീഷന്‍ അംഗങ്ങളായ പി.പി രണ്‍ദീപ്, കെ.പി ഷജീറ, യുവജന കമ്മീഷന്‍ ജില്ലാ കോഡിനേറ്റമാരായ ഡി.നിമിഷ, വൈഷ്ണവ് മഹേന്ദ്രന്‍, കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ എം ആദിത്യ എന്നിവര്‍ സംസാരിച്ചു.

കൊച്ചിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ സൈറ്റ് എഞ്ചിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ സൈറ്റ് എഞ്ചിനിയര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എസ് ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കരാറിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘാടകരായ മൃദംഗ വിഷന് ഉണ്ടായത് ഗുരുതര പിഴവാണെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം; സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

ചൂരല്‍മല മുണ്ടക്കൈ പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 100ല്‍ താഴെ വീടുകള്‍ സ്പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്.

സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ്പോര്‍ട്ടല്‍ തയ്യാറാക്കുകയും ഓരോ സ്പോണ്‍സര്‍ക്കും സവിശേഷമായ സ്പോണ്‍സര്‍ ഐഡി നല്‍കുന്നതും മാത്രമല്ല ഓണ്‍ലൈന്‍ പെയ്മെന്റ് ഓപ്ഷനും ഉണ്ടാകും. സ്പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്പോണ്‍സര്‍ഷിപ്പ് മാനേജ്മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്പോണ്‍സര്‍, കോണ്‍ട്രാക്ടര്‍ എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കരാര്‍ ഉണ്ടാകും. കരാറിന്റെ നിര്‍വഹണം പിഐയു ഏകോപിപ്പിക്കും. നിര്‍മ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കും.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ വിലയിരുത്തി പരമാവധി സഹായം നല്‍കുമെന്ന് സ്പോണ്‍സര്‍മാര്‍ അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്‍ തുടങ്ങിയവരും പങ്കെടുത്തു.

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ കിഡ്നി സ്റ്റോൺ രോഗ നിർണ്ണയ ക്യാമ്പ്

കണ്ണൂർ : കിഡ്നി സ്റ്റോൺ ബാധിതരായ രോഗികൾക്ക് വേണ്ടി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 12 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ക്യാമ്പ് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലിം നേതൃത്വം നൽകുന്നു.

കിഡ്നി സ്റ്റോൺ ചികിത്സയിൽ “RIRS TFL DISS Technique ന്റെ” മികച്ച സാധ്യതകൾ ഈ ക്യാമ്പിലെ പ്രധാന ഹൈലൈറ്റാണ്. പരമ്പരാഗത രീതികളേക്കാൾ നിരവധി ഗുണങ്ങളുള്ള ഏറ്റവും നൂതനമായാ രീതിയാണിത്. കീഹോൾ സർജറി (PCNL) ആവശ്യമില്ലാത്തതിനാൽ കിഡ്നിക്ക് കേടുപാടുകൾ സംഭവിക്കുന്നില്ല കൂടാതെ കുറഞ്ഞ ആശുപത്രിവാസം. വൃക്കയിൽ ദ്വാരം ഉണ്ടാക്കാതെ എത്ര വലുപ്പത്തിലുള്ള കല്ലുകൾ ആയാലും നീക്കം ചെയ്യാൻ സാധിക്കുന്നു. പ്രീ-സ്റ്റെന്റിങ്ങും ആക്സസ് ഷീത്തും ആവശ്യമില്ല, ചെറിയ വലുപ്പമുള്ള ഉപകരണങ്ങൾ, റേഡിയേഷൻ ഇല്ല എന്നീ സവിശേഷതകളുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് “RIRS TFL DISS Technique”. ഇത് രോഗികൾക്ക് കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നു. കൂടാതെ ഈ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് നിരവധി കിഡ്നി സ്റ്റോൺ പ്രൊസീജിയേഴ്സ് ഡോ. മുഹമ്മദ് സലിം ചെയ്തിട്ടുണ്ട്.

കിഡ്നി സ്റ്റോൺ ബാധിതരായവർക്ക് ഏറ്റവും പുതിയ ചികിത്സാ ഓപ്ഷനും വിദഗ്ധ ഉപദേശവും ലഭിക്കുന്നതിന് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് മികച്ച അവസരം നൽകുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സയ്ക്കുള്ള ഇളവുകളും ലഭ്യമാണ്. ബുക്കിങ്ങിനായി വിളിക്കുക 94978 26666.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികളും കുറ്റക്കാര്‍, വിധി ഏഴിന്

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം ഏഴിന് കോടതി പ്രസ്താവിക്കും.

2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട കണ്ണപുരം ചുണ്ടയില്‍ ബിജെപി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചന്‍കണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തില്‍ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.

കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി -അധ്യാപക സംഗമം

ഇരിട്ടി:കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുപ്പത്തിയൊന്‍പതാം വര്‍ഷം 1986 ലെ ആദ്യബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളും അധ്യാപകരും ആദ്യമായി ഒത്തുകൂടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി തേടിപ്പോയ സഹപാഠികള്‍ വര്‍ഷങ്ങള്‍ക്കുശേഷം കുന്നോത്തേക്ക് പറന്നെത്തുകയായിരുന്നു.ഓര്‍മ്മകള്‍ അയവിറക്കിയും സൗഹൃദം പുതുക്കിയും മധുരം പങ്കുവെച്ചും പഴയക്ലാസ്സുമുറികളില്‍ അവര്‍ ഒരുമിച്ചിരുന്നത് അധ്യാപകര്‍ക്കും കൗതുകമായി.ഒരു വട്ടം കൂടി എന്നു പേരിട്ട അധ്യാപക വിദ്യാര്‍ത്ഥി സംഗമം കുന്നോത്ത് ഫൊറോനാ വികാരി ഫാദര്‍.സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു.പ്രഥമ ഹെഡ്മാസ്റ്റര്‍ സി.എസ്.അബ്രാഹം അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഷെല്ലി ഇഗ്‌നേഷ്യസ്,കെ.ജെ.മേരി,എം.കെ.ഗോവിന്ദന്‍,പി.എ.മൈക്കിള്‍,ഷൈനി ജോസഫ്,എന്‍.വി.ജോസഫ്,സെലിന്‍ ജോര്‍ജ്,എം.എ തോമസ്,സി.ടി.മാത്യു ,വിദ്യാര്‍ത്ഥികളായ ടോമി തോമസ്,രജിത്,വില്‍സണ്‍,ആന്റണി.കെ.എം,ബിന്ദുശേഖര്‍,ഷൈനിമാത്യു,ബിജു,ബിനു തുടങ്ങിയവരും സംസാരിച്ചു.