ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറി. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കല്‍ത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ പോര്‍ട്ടലില്‍ 31107 പരാതികളാണ് സെപ്തംബര്‍ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പൊലീസില്‍ ചിലര്‍ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പിരിച്ചുവിടല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റവാളികളായ ആരെയും പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.