Hivision Channel

latest news

ഇരിക്കൂര്‍ മണ്ഡലം ഇന്‍വെസ്റ്റേഴ്‌സ് റിവ്യൂമീറ്റ് പാലക്കയംതട്ടില്‍ ആരംഭിച്ചു

ഇരിട്ടി:ഇരിക്കൂര്‍ മണ്ഡലം ഇന്‍വെസ്റ്റേഴ്‌സ് റിവ്യൂമീറ്റ് പാലക്കയംതട്ടില്‍ ആരംഭിച്ചു.അഡ്വ.സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.പാലക്കയംതട്ട് ഹില്‍ടോപ്പ് റിസോര്‍ട്ടിലെ മീറ്റില്‍ നൂറിലധികം നിക്ഷേപകര്‍ പങ്കെടുക്കുന്നു

നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം നവംബർ 17ലേക്ക് മാറ്റിവച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു. നവംബര്‍ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്. നേരത്തേ നവംബര്‍ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കര്‍ വഹിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി.

ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസം എന്നാണ്് പ്രാഥമിക വിലയിരുത്തല്‍
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിശദീകരണം.

രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ ശബ്ദം കേട്ടിരുന്നു. ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. ഭൂമിക്കടിയില്‍ പാറകള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര്‍ പറഞ്ഞത്.

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി

കേരള ഹൈക്കോടതിയില്‍ അഞ്ച് അഡീഷണല്‍ ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍,ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ വി ജയകുമാര്‍,കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി എസ് മുരളികൃഷ്ണ,ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി വി ബാലകൃഷ്ണന്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

എഡിഎമ്മിന്റെ മരണം;പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവില്‍ ദിവ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കാപ്പി തൈ വിതരണം ചെയ്തു

കൊട്ടിയൂര്‍:ജനകീയസൂത്രണ പദ്ധതി 2024-25 പദ്ധതി പ്രകാരം കൊട്ടിയൂര്‍ കൃഷി ഭവനില്‍ കാപ്പി തൈ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, കൃഷി ഓഫീസര്‍ ആന്‍സ അഗസ്റ്റിന്‍,പഞ്ചായത്തംഗം തോമസ് പൊട്ടനാനി,മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ആട്ടിന്‍ വളം പൊടിക്കുന്ന മെഷീന്‍ കൈമാറി

കൊട്ടിയൂര്‍:കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ സിഡിഎസിലെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകരുടെ സംഭരണ വിപണന മേഖലയില്‍ ബിസിനസ് സാധ്യത വിലയിരുത്തി വരുമാനം ഉറപ്പാക്കി പ്രവര്‍ത്തനം നടപ്പിലാക്കാന്‍ ആട്ടിന്‍ വളം പൊടിക്കുന്ന മെഷീന്‍ തരുണി പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് കൈമാറി.പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മെഷീന്‍ കൈമാറി.പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍
പുഷ്പ കുമാരി,ചെയര്‍പേഴ്സണ്‍ ബീന പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ കേളകത്തെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സഹായഹസ്തം

കേളകം:ആറ് വയസുകാരന്‍ സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ കേളകത്തെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സഹായഹസ്തം. ഹരിത കര്‍മ്മ സേനഅംഗങ്ങള്‍ തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം സുല്‍ത്താന്റെ ചികിത്സ സഹായത്തിനു കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി മാതൃകയായി.കണ്‍സോഷ്യം സെക്രട്ടറി റെയ്ഹാനത്, പ്രസിഡന്റ് ബിന്ദു എന്നിവര്‍ ചേര്‍ന്ന് സുല്‍ത്താന്‍ ചികില്‍സ കമ്മറ്റി ഭാരവാഹികള്‍ക്ക് ധനസഹായം കൈമാറി.

എഡിഎമ്മിന്റെ മരണം; പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍.