അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍
ഇരിട്ടി:അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമായുണ്ടാക്കി സ്ഥലം വില്പന നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി മായന്‍,ഇരിട്ടിയിലെ ആധാരം എഴുത്തുകാരന് കോയ്യോടന്‍ മനോഹരന് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഡ്വ. സി കെ രത്നാകരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2023 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടര്‍ ഭൂമി വില്പന നടത്തുന്നതിനായാണ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയത്. അഡ്വ.സി കെ രത്നാകരന്റെ രജിസ്ട്രേഷന് നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു.തുടര്‍ന്ന് പവര്‍ ഓഫ് അറ്റോര്‍ണി അസ്സല് എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാധാരമായി വീണ്ടും രജിസ്റ്റര്‍ ചെയ്യാനും ശ്രമം ഉണ്ടായി. ഇതിനിടയില്‍ ജില്ലാ രജിസ്റ്റര്‍ക്ക് കിട്ടിയ പരാതിയില്‍ വിശദമായ പരിശോധനയുണ്ടായി. ആര്‍ക്കും പവര്‍ ഓഫ് അറ്റോണി അറ്റസ്റ്റ് ചെയ്ത് നല്‍കിയിട്ടില്ലെന്ന് അഡ്വ.സി.കെ രത്നാകരന് ജില്ലാ റജിസ്ട്രാറെ അറിയിച്ചു.വ്യാജ ഓപ്പും സീലും ഉണ്ടാക്കിയതിന്റെ പേരില്‍ സി.കെ രത്നാകരന്റെ പരാതിയില്‍ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആധാരം എഴുത്തുകാരനായ മനോഹരനാണ് ഇത് ഉണ്ടാക്കിയതെന്ന് മനസിലായതെന്ന് പോലീസ് പറഞ്ഞു. മനോഹരനെ ശനിയാഴ്ച കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.