Hivision Channel

latest news

അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഇരിട്ടി:അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമായുണ്ടാക്കി സ്ഥലം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി മായന്‍,ഇരിട്ടിയിലെ ആധാരം എഴുത്തുകാരന്‍ കോയ്യോടന്‍ മനോഹരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഡ്വ. സി കെ രത്‌നാകരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2023 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടര്‍ ഭൂമി വില്‍പന നടത്തുന്നതിനായാണ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയത്. അഡ്വ.സി കെ രത്‌നാകരന്റെ രജിസ്‌ട്രേഷന്‍ നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു.തുടര്‍ന്ന് പവര്‍ ഓഫ് അറ്റോര്‍ണി അസ്സല്‍ എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാധാരമായി വീണ്ടും രജിസ്റ്റര്‍ ചെയ്യാനും ശ്രമം ഉണ്ടായി. ഇതിനിടയില്‍ ജില്ലാ രജിസ്റ്റര്‍ക്ക് കിട്ടിയ പരാതിയില്‍ വിശദമായ പരിശോധനയുണ്ടായി. ആര്‍ക്കും പവര്‍ ഓഫ് അറ്റോണി അറ്റസ്റ്റ് ചെയ്ത് നല്‍കിയിട്ടില്ലെന്ന് അഡ്വ.സി.കെ രത്‌നാകരന്‍ ജില്ലാ റജിസ്ട്രാറെ അറിയിച്ചു.വ്യാജ ഓപ്പും സീലും ഉണ്ടാക്കിയതിന്റെ പേരില്‍ സി.കെ രത്‌നാകരന്റെ പരാതിയില്‍ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആധാരം എഴുത്തുകാരനായ മനോഹരനാണ് ഇത് ഉണ്ടാക്കിയതെന്ന് മനസിലായതെന്ന് പോലീസ് പറഞ്ഞു. മനോഹരനെ ശനിയാഴ്ച കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ഇരിട്ടി:നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പേരട്ട സ്വദേശി കെ വി മജീദിനെ ഇരിട്ടി പോലീസ് പിടികൂടി.കൂട്ടുപുഴ പാലത്തിന് സമീപത്ത് വെച്ച് പ്രിന്‍സിപ്പല്‍ എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കൂള്‍ലിപ്പ് ഉള്‍പ്പെടെയുള്ള 165 പാക്കറ്റ് നിരോധിത പാനുല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ വിജയമുറപ്പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.

വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മറികടന്നത്.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.

കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നേഴ്സുമാരെ നിയമിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജി എന്‍ എം അല്ലെങ്കില്‍ ബി എസ് സി നേഴ്സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.

ഒഴിവുകള്‍ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ചുവടെ

കൊല്ലം- ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂര്‍, വെളിനല്ലൂര്‍, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം

പത്തനംതിട്ട: പള്ളിക്കല്‍

ഇടുക്കി- ശാന്തന്‍പാറ, രാജാക്കാട്, വണ്ടിപ്പെരിയാര്‍, കട്ടപ്പന, കാഞ്ചിയാര്‍

എറണാകുളം- അസമന്നൂര്‍, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ

തൃശൂര്‍- വരവൂര്‍, ചേലക്കര, പുത്തന്‍ചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂര്‍, വെറ്റിലപ്പാറ

പാലക്കാട്- അലനല്ലൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് ടൗണ്‍, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി

മലപ്പുറം- കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂര്‍, നിലമ്പൂര്‍

കോഴിക്കോട് – കോഴിക്കോട് ടൌണ്‍, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, നാദാപുരം, മാവൂര്‍

വയനാട്- പനമരം, കല്‍പ്പറ്റ

കണ്ണൂര്‍- പാനൂര്‍, അഴിക്കോട്, കണ്ണൂര്‍ ടൗണ്‍, കരിവള്ളൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, തലശ്ശേരി

കാസര്‍ഗോഡ് – കാസറഗോഡ് ടൗണ്‍, ഉദുമ, ബദിയടുക്ക, കുമ്പള

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320, 7594050289 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ്;മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലില്‍

ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. നവംബര്‍ 13, 20 തീയതികളില്‍ സംസ്ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിര്‍ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാല്‍ ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിങ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.

നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം; മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.

അലീന ദിലീപ്,അഷിത എടി, അഞ്ജന മധു എന്നിവരാണ് പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസ്സപെടുത്താന്‍ ഇടപെട്ടേക്കുമെന്നും വാദിച്ചു. കേസിനു ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനില്‍ക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പരാതികളില്‍ നിന്ന് പിന്‍മാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് വന്‍ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം.

മലപ്പുറം സ്വര്‍ണ്ണ കവര്‍ച്ച; തൃശൂര്‍ കണ്ണൂര്‍ സ്വദേശികളായ 4 പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 4 പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍, കണ്ണൂര്‍ സ്വദേശികളാണ് എല്ലാവരും. ഇവരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കിട്ടിയിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും പിന്തുടര്‍ന്നാണ് കാറിലുളള സംഘം സ്വര്‍ണ്ണം കവര്‍ന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുമ്പാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമടങ്ങിയ ബാഗും സ്‌കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.