Hivision Channel

latest news

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

മീത്തലെ പുന്നാട് സ്വദേശിനി പി കെ സരളയുടെ വീടിന്റെ മേല്‍ക്കൂരയാണ്
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നത്.

പൊലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാന്‍ കാരണം. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതല്‍ രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.

മുരിങ്ങോടിയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച് മാര്‍ബിള്‍ വില്‍പന നടത്തിയ നാദാപുരം സ്വദേശിക്ക് കെട്ടിടം പൊളിച്ച് മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

പേരാവൂര്‍:മുരിങ്ങോടിയില്‍ റവന്യു രേഖയില്‍ നഞ്ച വിഭാഗത്തില്‍പ്പെട്ട സ്ഥലത്ത് വില്‍പ്പന നടത്താന്‍ മാര്‍ബിള്‍ സൂക്ഷിക്കുകയും അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുകയും ചെയ്ത നാദാപുരം സ്വദേശിക്ക് കെട്ടിടം പൊളിച്ച് മാറ്റാനും മാര്‍ബിളുകള്‍ നീക്കം ചെയ്യാനും പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി.ഇയാള്‍ക്ക് മറ്റൊരു സ്ഥലത്ത് മാര്‍ബിള്‍,ടൈല്‍സ്,ഗ്രാനൈറ്റ് മുതലായവ വില്‍പന നടത്തുന്നതിനുള്ള ഓഫീസിനായി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ റവന്യു രേഖയില്‍നഞ്ച വിഭാഗത്തില്‍പ്പെട്ട സ്ഥലത്ത് മാര്‍ബിള്‍ സൂക്ഷിച്ചതിനാണ് നടപടി.

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തി മന്ത്രി വീണാ ജോര്‍ജ്

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തി മന്ത്രി വീണാ ജോര്‍ജ്. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തില്‍ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആശാ വര്‍ക്കര്‍മാരുടെ അടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ചായെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആശ വര്‍ക്കര്‍മാര്‍ക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഇന്‍സന്റീവ് ഉയര്‍ത്തുന്ന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇന്‍സന്റീവ് ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനകള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. 2023 2024 ലെ ശേഷിക്കുന്ന തുക നല്‍കുന്നത് ചര്‍ച്ചയായി. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്ന് പറഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തീയേറ്ററുകളിലേക്ക് എത്തും

എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പില്‍ 24 കട്ടുകള്‍. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബല്‍ദേവ് എന്നാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും

സമ്മര്‍ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്തെ സ്വര്‍ണവില 68000ന് മുകളിലെത്തി. ഇന്ന് പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയായി. ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 8510 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

പാളയം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. അഞ്ച് ദിവസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒപ്പം ഇയാളെ കാണാതായിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെയാണ്
ഇയാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് വനിതാ സെല്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒപ്പം യുവാവും ഉണ്ടായിരുന്നു. വനിതാ സെല്ലാണ് കല്‍പ്പറ്റ പൊലീസിന് കൈമാറിയത്.