63ാമത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടാണ് രണ്ടാമത്.
നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം തന്നെയെന്ന് കോടതി വ്യക്തമാക്കി. മികച്ച ബോഡി സ്ട്രക്ച്വര്‍ എന്ന കമന്റില്‍ ലൈംഗിക ചുവയില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇത് തനിക്ക് ലൈംഗികാതിക്രമമായി തോന്നിയെന്ന പരാതിക്കാരിയ്ക്ക് അനുകൂലമായി കോടതി വിധി പറയുകയായിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീനാണ് ആര്‍ രാമചന്ദ്രന്‍നായരുടെ ഹര്‍ജി പരിഗണിച്ചത്.
വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. 20634 തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേഭാരതിന് ഇനി മുതല്‍ 20 റേക്കുകള്‍. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. 312 അധികം സീറ്റുകള്‍ ഇതിലൂടെ ലഭിക്കും.
20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി.
6 കോച്ചുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.
റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തില്‍ വരും.
കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ അധിക വണ്ടിയായി (സ്‌പെയര്‍) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയില്‍ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച്.കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങള്‍ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത
.ഇന്നും പ്രധാനമത്സരങ്ങള്‍ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങള്‍, കൂട്ടപ്പരാതികള്‍. കലോത്സവത്തിലെ പതിവ് കാഴ്ചകള്‍ ഈ മേളയില്‍ കാര്യമായില്ല. മത്സരങ്ങള്‍ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും .നടന്‍ ടൊവിനോ തോമസ് മുഖ്യാതിഥിയാകും
ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിങ് പരിമിതപ്പെടുത്താന്‍ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതല്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. 13,14 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
വെര്‍ച്വല്‍ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേര്‍ക്കും മാത്രം സ്‌പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതല്‍ തിരക്ക് നിയന്ത്രിക്കാനും പ്രത്യേക ക്രമീകരണം. 15ന് വെര്‍ച്വല്‍ ക്യൂവില്‍ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവര്‍ അന്നേ ദിവസം രാവിലെ 6 മണിക്ക് പമ്പയില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 15 ന് സ്‌പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.
മണ്ഡലകാലം മുതല്‍ ആരംഭിച്ച സംഘാടക മികവ് മകരവിളക്കിന്റെ അവസാന ദിവസം വരെയും ഉണ്ടാകണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിനെ തുടര്‍ന്നാണ് ക്രമീകരണങ്ങള്‍ ആരംഭിക്കുന്നത്. മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച ശേഷമുള്ള ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയ ദിനമായിരുന്നു ഇന്നലെ. 1,02,916 പേരാണ് ഇന്നലെ മാത്രം ദര്‍ശനം നടത്തി മടങ്ങിയത്. പുല്ലുമേട് വഴി 5,396 പേരും സ്പോട് ബുക്കിങ് വഴി 25,449 പേരും എത്തി.
എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ ഉള്‍പ്പടെ വ്യക്തത വരുത്താനുള്ള പരിശോധനകളാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തുക.
വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയത്. 30 വര്‍ഷത്തോളമായി അടഞ്ഞുകിടന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു.
നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും പരാതിയെ തുടര്‍ന്ന് പൊലീസ് ഇന്നലെ വൈകിട്ട് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊച്ചിയിലുള്ള ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അസ്ഥികള്‍ മനുഷ്യന്റേത് തന്നെയാണെന്നും ഏറെ നാളത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി രോഗം ബാധിച്ച രണ്ട് പേര്‍ക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും മുന്‍പ് തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം നിലവില്‍ രണ്ട് കേസും ചൈനയില്‍ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്‌സ്ടിട്യൂട്ടില്‍ പരിശോധന നടത്തും. ബെംഗളൂരുവില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു മാസം പ്രായമുള്ള കുട്ടിക്കും എട്ട് മാസം പ്രായമുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ടതില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.
ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍.
ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഉത്തരവ്. കുടുംബത്തിന്റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി.
സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്തിമ വിധിയല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകും മഞ്ജുഷ വ്യക്തമാക്കി. പിന്മാറാന്‍ ഉദേശിക്കുന്നില്ല. ഏതറ്റം വരെയും മുന്നോട്ടുപോകാനാണ് തീരുമാനം. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി കൃത്യമായി പരിഗണിച്ചില്ലെന്ന് മഞ്ജുഷ പറഞ്ഞു. പിന്നോട്ട് മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും, അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണ് ഉയര്‍ത്തുന്നതെന്നും, വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു.