കേരളത്തിന് 20 കോച്ചുള്ള വന്ദേ ഭാരത്; വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും
വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. 20634 തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേഭാരതിന് ഇനി മുതല്‍ 20 റേക്കുകള്‍. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. 312 അധികം സീറ്റുകള്‍ ഇതിലൂടെ ലഭിക്കും.
20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി.
6 കോച്ചുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.
റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തില്‍ വരും.
കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ അധിക വണ്ടിയായി (സ്‌പെയര്‍) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയില്‍ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.