Hivision Channel

latest news

അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്

എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ ഉള്‍പ്പടെ വ്യക്തത വരുത്താനുള്ള പരിശോധനകളാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തുക.

വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയത്. 30 വര്‍ഷത്തോളമായി അടഞ്ഞുകിടന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു.

നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും പരാതിയെ തുടര്‍ന്ന് പൊലീസ് ഇന്നലെ വൈകിട്ട് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊച്ചിയിലുള്ള ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അസ്ഥികള്‍ മനുഷ്യന്റേത് തന്നെയാണെന്നും ഏറെ നാളത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

റിജിത്ത് വധക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.

2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം.

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടര്‍മാര്‍

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

എച്ച്എംപിവി; ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി രോഗം ബാധിച്ച രണ്ട് പേര്‍ക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും മുന്‍പ് തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം നിലവില്‍ രണ്ട് കേസും ചൈനയില്‍ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്‌സ്ടിട്യൂട്ടില്‍ പരിശോധന നടത്തും. ബെംഗളൂരുവില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു മാസം പ്രായമുള്ള കുട്ടിക്കും എട്ട് മാസം പ്രായമുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ടതില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.

ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍.

ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.

നവീന്‍ ബാബുവിന്റെ മരണം;സിബിഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഉത്തരവ്. കുടുംബത്തിന്റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി.

സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്തിമ വിധിയല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകും മഞ്ജുഷ വ്യക്തമാക്കി. പിന്മാറാന്‍ ഉദേശിക്കുന്നില്ല. ഏതറ്റം വരെയും മുന്നോട്ടുപോകാനാണ് തീരുമാനം. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി കൃത്യമായി പരിഗണിച്ചില്ലെന്ന് മഞ്ജുഷ പറഞ്ഞു. പിന്നോട്ട് മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും, അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണ് ഉയര്‍ത്തുന്നതെന്നും, വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു.

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് മരണം

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണന്‍, അരുണ്‍ ഹരി, രമ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാല മാര്‍സ്ലീവ ആശുപത്രിയിലേക്ക് മാറ്റി. ബിന്ദു നാരായണനെ വിദഗ്ദ ചികിത്സക്കായി പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബിന്ദു. ഇവരുടെ ഭര്‍ത്താവ് ഉണ്ണിത്താനും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബസിന്റെ കാലപഴക്കം, ഫിറ്റ്നസ് എന്നിവ പരിശോധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു.എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാല്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കര്‍ണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയില്‍ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത് ബെംഗളുരുവില്‍ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

നാളെ (6/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 7ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും 8ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും മഴ സാധ്യതയുണ്ട്. 9-ാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

ഇന്ന് തെക്കു കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. സൊമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

നാളെ (06/01/2025) സൊമാലിയ തീരം അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു.മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട ആളാണ്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം ഉണ്ടായത്. മണിയുടെ കൈയില്‍ ഉണ്ടായിരുന്ന കുട്ടി തെറിച്ചു വീണു.കൂടെയുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.