Hivision Channel

latest news

തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി

തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാര്‍ത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ഇരുവര്‍ക്കും ഭക്ഷണവുമായി കാര്‍ത്യായനിയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടില്‍ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും നായക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുള്ള കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

ജി സുധാകരനെ പിന്തുണക്കുന്നതില്‍ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതില്‍ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ജി സുധാകരന്റെ വാര്‍ത്ത സമ്മേളനം ശ്രദ്ധപൂര്‍വ്വം കേട്ടു. സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു. പിന്തുണ നല്‍കുന്നത് കൃത്യമായി ആലോചിച്ചു തീരുമാനിക്കുന്നും സണ്ണി ജോസഫ്

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരന്‍. സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്നു. പാര്‍ട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നും പറയാന്‍ താന്‍ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രന്‍ ആണ്. പിന്തുണ നല്‍കുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രസികന്‍ സിനിമയിലെ ബാലതാരം, ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്ന ഹരി മുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. വാര്‍ഡിലുള്ള രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് കൂടുതലും രോഗികളെത്തുന്നത്. ഇതോടെ മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയാകുന്ന രീതിയിലേക്ക് സമരം മാറുകയാണ്.ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആശുപത്രികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും. പാലക്കാട് കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്ത് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു . 5,500 കോടിയിലധികം രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിന്‍ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളര്‍ പദ്ധതിക്കും തറക്കല്ലിട്ടു.

കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്തു. വെങ്ങളംരാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള റെയില്‍ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ സര്‍വീസിനും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ പുതിയ ട്രെയിന്‍ സര്‍വീസ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാര്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും താങ്ങാനാവുന്നതുമായ യാത്രാമാര്‍ഗ്ഗം ഒരുക്കും.

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീംകോടതി

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തില്‍
കര്‍ശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേര്‍ക്ക് കരിക്കുലം സമിതിയില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളില്‍ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികള്‍ എന്ന വിവാദ പാഠഭാഗം.

സമൂഹമാധ്യമ പോസറ്റുകള്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്‌സൈറ്റുകള്‍ക്കും വ്യക്തികള്‍ക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തില്‍ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്‌സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂര്‍ണമായ വിവരം കോടതിയില്‍ സമര്‍പ്പിക്കണം.

പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഒരു മുന്‍ ജഡ്ജി, നിയമ വിദഗ്ധന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാന്‍. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്‌കരിച്ച അധ്യായം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

കേരളത്തിന്റെ പേര് മാറ്റി ദീര്‍ഘകാലമായുള്ള ആവശ്യം കേരള കേരളം ആയി ഈ ആവശ്യം അംഗീകരിച്ചു. മലയാളിയുടെ സംസ്‌കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചു. എന്‍ഡിഎ സര്‍ക്കാരാണ് ഈ ആവശ്യം അംഗീകരിച്ചത്. മലയാളികളുടെ ആഗ്രഹം നിറവേറ്റി. കേരളത്തിലെ എല്ലാവര്‍ക്കും ആശംസ നേരുന്നതായും മോദി പറഞ്ഞു.

ധീവരസഭയെ അഭിനന്ദിച്ച് മോദി. ഈ മണ്ണിനെ മഹത്വമുള്ളതായി സംരക്ഷിക്കുന്നതിന് നിങ്ങളെല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവര്‍ അവഗണിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രളയസമയത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി സൂചിപ്പിച്ചു. പ്രളയ കാലത്തെ പ്രവര്‍ത്തനം സ്തുത്യര്‍ഹം. ജീവന്‍ പണയപ്പെടുത്തി നിരവധി പേരെ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും ധീവരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാന്‍ കേന്ദ്രം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ മോദി തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും.കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ നടക്കുന്ന മൂന്ന് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. 12.30 ന് മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലും ശേഷം കലൂര്‍ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. രണ്ടു മണിയോടെ കലൂരില്‍ എന്‍ഡിഎയുടെ പൊതുസമ്മേളനം ആരംഭിക്കും. അരലക്ഷത്തോളം ആളുകളെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ ഡി എ പ്രകടനപത്രിക നരേന്ദ്ര മോദി പ്രകാശനം ചെയ്യും. 10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും നിര്‍വഹിക്കും. വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും.