Hivision Channel

latest news

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മെയിലില്‍ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്. വടക്കന്‍ കേരളത്തില്‍ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍ വടക്കന്‍ ലക്ഷദ്വീപ് പ്രദേശം വരെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, വടക്കന്‍ കേരളം വഴി സമുദ്രനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും അതിനോട് ചേര്‍ന്നുള്ള ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയും പ്രവചിക്കപ്പെടുന്നു.

കേരളത്തില്‍ ഇന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായതോ ആയ മഴയ്ക്കും ഇന്ന് മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകള്‍ എന്നിവയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി

രോഗീ പരിചരണം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍,പെരുമാറ്റ രീതി,സേവന ധാര്‍മികത എന്നിവയില്‍ പരിശീലനം നല്‍കും.മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാര്‍ക്കും പരിശീലനം നിര്‍ബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം.മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെ മെഡിക്കല്‍ കോളേജ് മുതല്‍ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കും.

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്- സോനിപ്പത്ത് റൂട്ടില്‍ ‘നമോ ഗ്രീന്‍ റെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ഓടി തുടങ്ങി.

ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജന്‍ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തില്‍ ഇടം പിടിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന ഊര്‍ജ്ജ മേഖലകള്‍ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. 8 പാസഞ്ചര്‍ ചെയര്‍ കാറുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും ഉള്‍പ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ആകെ 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും. 75 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഹരിയാനയിലെ ചടങ്ങില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഗള്‍ഫില്‍ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയില്‍ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.

രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം, വൈദ്യുതി പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയില്‍ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത് 3500 മുതല്‍ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നെങ്കില്‍ ഇത്തവണ അത് 4600 മുതല്‍ 4800 മെഗാവാട്ട് വരെയായി ഉയര്‍ന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജലസംഭരണിയില്‍ ജലത്തിന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 28 ശതമാനമാണ്. വൈദ്യുതി ഉത്പാദനത്തില്‍ കുറവും ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടായി. ഇതും പ്രതിസന്ധിക്ക് കാരണമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.. ജൂണ്‍ മാസത്തില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അനധികൃത നുഴഞ്ഞുകയറ്റവും തീവ്രവാദ ഫണ്ടിംഗും; രാജ്യത്ത് 13 ഇടങ്ങളില്‍ ഇ ഡി പരിശോധന

രാജ്യത്ത് 13 ഇടങ്ങളില്‍ ഇ ഡി പരിശോധന. തീവ്രവാദ ഫണ്ടിംഗുമായും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന് കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് എടിഎസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ ഫണ്ടുകള്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നു ഇ ഡി കണ്ടെത്തി.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 13 ഓളം സ്ഥലങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര ഏജന്‍സിയുടെ ലഖ്നൗ സോണല്‍ ഓഫീസ് റെയ്ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചില ചാരിറ്റബിള്‍ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതായും അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ലെയര്‍ഡ് ഇടപാടുകള്‍ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി വഴിതിരിച്ചുവിടുന്നതായും എടിഎസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബ് പഠനശിബിരം സംഘടിപ്പിച്ചു

പേരട്ട: ഇരിട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അയ്യങ്കുന്ന്,പായം,ഉളിക്കല്‍ ഗ്രാമപഞ്ചായത്തു കളിലെ കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പേരട്ടയിലെ കര്‍ഷകനായ ബിനു വെടിക്കാട്ടിലിന്റെ കൃഷിസ്ഥലത്തോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍ വെച്ച് ജൈവകൃഷിയിലൂടെ മികച്ച കാര്‍ഷികോത്പാദനം എന്ന വിഷയത്തില്‍ പഠന ശിബിരം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വിനോദ് കുമാര്‍ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗം നിഷ ഒരപ്പാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഡോ: ഏ.ജെ. ജോര്‍ജ്ജ് ക്ലാസ്സുകള്‍ നയിച്ചു.അഡ്വ: കെ.കെ മാത്യു, ആന്റോ . കെ. ആന്റണി, കുര്യന്‍ മൈലടിയില്‍, ബിനു വെട്ടിക്കാട്ടില്‍,എന്‍.വി ജോസഫ, റെജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.

‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി.എ, അനില്‍കുമാര്‍ കെ എസ്, തുടങ്ങിയവര്‍ സന്നിഹിതരായി. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.

ഒരു കോടി വീതം ഇരുപത് പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് സംസ്ഥാനത്തെ മഴയുടെ കുറവും. വരുംദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നതും.

വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു.