ഇരിട്ടി:പുളിക്കാംപുറത്ത് ഹാര്‍ഡ് വെയേഴ്‌സ് കരിക്കോട്ടക്കരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്.
വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയില്‍ ആയത്. പ്രതിയുമായി കോട്ടയത്ത് നിന്നുള്ള സംഘം പുറപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് പ്രതി മാളയില്‍ എത്തിയതെന്നാണ് വിവരം. ഒറ്റയ്ക്കാണ് മാളയില്‍ എത്തിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാളയില്‍ കണ്ടെത്തിയ പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അസം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ മാള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു. കൊലപാതക വിവരം അറിഞ്ഞുകൊണ്ടാണോ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത് എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ആരായുന്നന്നത്. കൊലപാതക വിവരം അസം സ്വദേശികള്‍ക്ക് അറിയാമെങ്കില്‍ പ്രതിചേര്‍ക്കും.
പ്രതിയില്‍ നിന്ന് വിജയകുമാറിന്റെ രേഖകള്‍ കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. 15,000 രൂപയും പ്രതിയെ പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്നു
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.
അതേസമയം, രാമചന്ദ്രനെ കണ്‍മുന്നില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ കുടുംബാംഗങ്ങള്‍. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനികവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്.
എറണാകുളം സ്വദേശികളായ 28 പേര്‍ കാശ്മീരില്‍ കുടുങ്ങിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായ ശേഷം ശ്രീനഗറില്‍ കുടുങ്ങിയതായാണ് വിവരം. എറണാകുളം സ്വദേശികളാണ്. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.
അതേസമയം, എന്‍ഐഎ സംഘം ശ്രീനഗറില്‍ എത്തി. ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്നാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം. ആശുപത്രി കനത്ത സുരക്ഷാ വലയത്തില്‍ലാണ്.
അതിനിടെ, പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു.
10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ ചാരായവുമായി പുതിയങ്ങാടി ഗാന്ധിഗ്രാമം നഗർ സ്വദേശി സുരേഷ് കെ ജി എന്നയാളെ ആണ് ഗാന്ധിഗ്രാമം നഗറിൽ വച്ച് 10 ലിറ്റർ ചാരായവുമായി പേരാവൂർ എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മെയ് 6 വരെ റിമാൻ്റ് ചെയ്തുഅസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിജയൻ പി, സുനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി എസ്, സിനോജ് വി എന്നിവർ പങ്കെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.
കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇമെയില്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ചേരുന്ന ദിവസമായ ഇന്ന് തന്നെ ഇമെയില്‍ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം തൃശൂരിലെയും പാലക്കാട്ടെയും ആര്‍ഡിഒ ഓഫീസുകള്‍ക്കും ബോംബ് ഭീഷണി വന്നിരുന്നു. തൃശൂരിലെ അയ്യന്തോളിലെ ആര്‍ഡിഒ ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍, രണ്ടു സ്ഥലത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അന്‍പത് റാങ്കുകളില്‍ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്.
ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്. ആദ്യ പത്ത് റാങ്കുകാര്‍ ഇവര്‍. 1- ശക്തി ദുബെ, 2-ഹര്‍ഷിത ഗോയല്‍, 3-ദോങ്‌ഗ്രെ അര്‍ചിത് പരാഗ്, 4-ഷാ മാര്‍ഗി ചിരാഗ്, 5-ആകാശ് ഗാര്‍ഗ്, 6-കോമല്‍ പുനിയ, 7- ആയുഷി ബന്‍സല്‍, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗര്‍വാള്‍, 10 – മായങ്ക് ത്രിപഠി.
ആദ്യ പത്തില്‍ ആരും മലയാളികളല്ല. ആല്‍ഫ്രഡ് തോമസ് -33, മാളവിക ജി നായര്‍ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദര്‍ശിനി – 95 എന്നിവരാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേര്‍ക്ക് ഐഎഎസും 55 പേര്‍ക്ക് ഐഎഫ്എസും 147 പേര്‍ക്ക് ഐപിഎസും ലഭിക്കും. സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ് എ വിഭാഗത്തില്‍ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തില്‍ 142 പേരെയും നിയമിക്കും.
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ 2017 മുതല്‍ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങള്‍ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്‌ട്രേഷന്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ രജിസ്‌ടേഷന്‍ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിര്‍ത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടര്‍മാര്‍ മുഖേന പൊതുജനങ്ങള്‍ക്ക് മുദ്രപത്രങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
വെണ്ടര്‍മാര്‍ക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങള്‍ കടലാസില്‍ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവര്‍ഷം 60 കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കള്‍ രജിസ്ട്രേഷന്‍ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാന്‍ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.
രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടത്തി ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്ട്രേഷന്‍ മേഖലയില്‍ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കുന്നത് പ്രക്രിയകളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.