Hivision Channel

latest news

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന പരാതിയില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന പരാതിയില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം.മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനഥിന്‍രേതാണ് നടപടി
അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. വിഷുവിനോട് അനുബന്ധിച്ച് വിറ്റു പോയ കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു പരാതി

കേരളത്തില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. എന്നാല്‍ നമ്മള്‍ മനസിലാക്കേണ്ട കാര്യം ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേരളം ആരംഭിച്ചു. ഇതിനായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു.

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ്

ഇരിട്ടി:ഇരിട്ടി, വള്ളിത്തോട്, ഉളിക്കല്‍,കേളകം ലയണ്‍സ് ക്ലബ്ബുകളടങ്ങുന്ന സോണ്‍ 2 ന്റെ സോണ്‍ കോണ്‍ഫറന്‍സ് ഇരിട്ടി ലയണ്‍സ് ഹാളില്‍ വച്ച് നടന്നു.
സോണ്‍ ചെയര്‍മാന്‍ ജോസഫ് സ്‌കറിയയുടെ അധ്യക്ഷതയില്‍ മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ : ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ അനൂപ് കെ ടി, കെ സുരേഷ് ബാബു, ഡോ ജി ശിവരാമകൃഷ്ണന്‍, കെ ജെ ജോസ്,
വിജേഷ് ഒ, ടി ഡി ജോസ്, സുരേഷ് മിലന്‍, വി പി സതീശന്‍, ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി തോമസ്, കേളകം പ്രസിഡന്റ് അജു വര്‍ഗീസ്, വള്ളിത്തോട് പ്രസിഡന്റ് ബെന്നി കെ എം, ഉളിക്കല്‍ പ്രസിഡന്റ് രാകേഷ് സി കെ, ഇരിട്ടി ലയണ്‍സ് ട്രഷറര്‍ സിബി അറക്കല്‍ എന്നിവര്‍ സംസാരിച്ചു.

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ തിരച്ചിലിലാണ് അംബികയെയും സതീഷിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് കുടുംബാംഗങ്ങളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും;മുഖ്യമന്ത്രി

2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏറിയകൂറും നിര്‍വഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാല്‍ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണ് കേരളത്തില്‍ നടന്നത്.
ഒരു ശതമാനത്തില്‍ താഴെയായിരുന്നു കേരളത്തിലെ അതി ദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. പദ്ധതി ഒന്നാം വര്‍ഷത്തില്‍ എത്തിയപ്പോള്‍ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തില്‍ അതിദരിദ്രര്‍ 64,002 എന്ന് കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കി. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇത് മാനവ സ്‌നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ. സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാന്‍ കഴിയാതെ പോവുന്ന കുടുംബങ്ങളെ സാമൂഹിക നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മൈക്രോപ്ലാന്‍ തയ്യാറാക്കി അതിദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതല്‍ ആരംഭിച്ചു.
ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതല്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റന്‍സ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്.
ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങള്‍ നല്‍കിയത്. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോ ക്താക്കളായുള്ളത്. അതിദരിദ്ര വിഭാഗത്തിലുള്ളവര്‍ക്ക് അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 4 പേര്‍ക്ക് ജോബ് കാര്‍ഡ്, 4 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍, 31 പേര്‍ക്ക് വോട്ടര്‍ ഐ ഡി, 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, രണ്ട് പേര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, രണ്ട് പേര്‍ക്ക് സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി.
ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളില്‍ 79 പേര്‍ക്കും ഭക്ഷണം ഗ്രാമപഞ്ചായത്തുകള്‍ വഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ വഴിയും എത്തിച്ചു നല്‍കി. ആരോഗ്യ സേവനങ്ങള്‍ ആവശ്യമായ 139 കുടുംബങ്ങളില്‍ എല്ലാവര്‍ക്കും സേവനങ്ങള്‍ ഹെല്‍ത്ത് സെന്റര്‍ മുഖേനയും, പാലിയേറ്റീവ് കെയര്‍ സംവിധാനം വഴിയും നല്‍കുകയും വരുമാനം ലഭ്യമാക്കുന്നതിന് 20 കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേനയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വരുമാനദായിക സംവിധാനങ്ങള്‍ വഴിയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരില്‍ ലൈഫ് പദ്ധതിയിലൂടെ 27 പേര്‍ക്ക് വീടും ആറ് പേര്‍ക്ക് വീടും സ്ഥലവും അനുവദിക്കുകയും 40 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവന പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കുകയും ചെയ്തു. മൂന്ന് കുടുംബങ്ങള്‍ക്ക് ടോയിലറ്റ്, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷന്‍ എന്നിവ അനുവദിച്ചതിലൂടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാധ്യമാക്കാന്‍ സാധിച്ചു.
.ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പി എ യു പ്രോജക്ട് ഡയറക്ടര്‍ എം രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി കെ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ കെ രവി, എ വി ഷീബ, കെ കെ രാജീവന്‍, കെ ഗീത, പി വി പ്രേമവല്ലി, ടി സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കിരവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം സജിത, എ ദീപ്തി, കെ ശശിധരന്‍, സി എന്‍ ചന്ദ്രന്‍, വി എ നാരായണന്‍, ടി ഭാസ്‌കരന്‍, വി കെ ഗിരിജന്‍, കെ ജയാനന്ദന്‍, എം ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.ബലാത്സംഗക്കേസില്‍ കര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാന്‍ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.

ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിലെ 4 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം;സുപ്രീം കോടതി

ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകള്‍ പിടിച്ചു വച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്‌നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി പവന് 70,000 കടന്നു

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്.

കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു

മട്ടന്നൂര്‍:കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത്(53) അന്തരിച്ചു.സി.ഒ.എ മട്ടന്നൂര്‍ മേഖലാ സെക്രട്ടറി,കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ തുടക്കകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് മാനേജിംഗ് പാര്‍ട്ണറായ പ്രശാന്ത് മട്ടന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ, മക്കള്‍ നന്ദിദ് കൃഷ്ണ,ശിവനന്ദ. സഹോദരങ്ങള്‍ പ്രവീണ്‍ ബാബു (പരേതന്‍), പ്രത്യുഷ. മൃതദേഹം ഉച്ചക്ക് 12.30 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.സംസ്‌കാരം 4 മണിക്ക് പൊറോറ ശ്മശാനത്തില്‍.