രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേര്‍ രോഗമുക്തി നേടി. നിലവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയില്‍ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ ഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടികളാകും പിഴയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക.
നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. മൂന്നരക്ക് മുഖ്യമന്ത്രിയാണ് എഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്യുന്നത്. കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കെല്‍ട്രോണുമായുള്ള കരാര്‍. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ക്യാമറകളുടെ പരിപാലനുവും കെല്‍ട്രോണിന്റെ ചുമതലയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള്‍ നല്‍കുന്നത്.
അരിക്കൊമ്പന്‍ വിഷയത്തില്‍ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറില്‍ വിദഗ്ദ്ധ സമിതിക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പന്‍ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അരിക്കൊമ്പന്‍ ആനയെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ പറമ്പിക്കുളം അല്ലാതെ മറ്റൊരിടം നിര്‍ദേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ അരിക്കൊമ്പനെ നിരീക്ഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറില്‍ വിദഗ്ദ്ധ സമിതിക്ക് കൈമാറണം. വിദഗ്ദ സമിതി അംഗീകരിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാം.
കോടതിയുടെ ഉത്തരവുണ്ടാകുന്നത് വരെ സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. പാലക്കാട് , ഇടുക്കി, വയനാട് , ആറളം എന്നീ സ്ഥലങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിലും ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം സംബന്ധിച്ച പഠനത്തിനായാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്. ഡി.എഫ്.ഒ, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ ദൗത്യ സംഘത്തിലുണ്ടാകും. ദൗത്യ സംഘം പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഇതിനിടെ മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ കൃത്യമായ ഇടപെടല്‍ യഥാസമയം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് വനം വകുപ്പിന് രൂക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്നുണ്ടായി.
വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ രണ്ടാം ട്രയല്‍ റണ്ണില്‍ ട്രെയിന്‍ കാസര്‍ഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിന്‍ കണ്ണൂര്‍ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്.
നേരത്തെ കണ്ണൂരുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന്, കാസര്‍ഗോഡ് ജനതയുടെ ആവശ്യപ്രകാരം ട്രെയിന്‍ നീട്ടിയത്. കഴിഞ്ഞ ദിവസം എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. നിലവില്‍ കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും.
എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം കണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്. കാസര്‍ഗോഡ് വരെ നീട്ടിയതിനാല്‍ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.
സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത്. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയില്‍ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോര്‍ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരന്‍ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളില്‍ പിറകിലിരിക്കുന്നവര്‍ക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങള്‍. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണര്‍ വിശദീകരിച്ചു.
ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും കാറുകളില്‍ സഞ്ചരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റും ധരിച്ചില്ലെങ്കിലും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തില്‍ പോയാലും, ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടയ്ക്കാന്‍ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരുല പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈന്‍ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്.
ഇതുസംബന്ധിച്ച് എസ്.എഫ്.ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പുതിയ യൂണീഫോം നടപ്പാക്കും
വൈദ്യുതി ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.ഉയര്‍ന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങള്‍ കുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂര്‍ത്തീകരണ കാലാവധി നീട്ടി നല്‍കിയത്. നിലവില്‍ 124 മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആര്‍ജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയില്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാര്‍ക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.കെ എസ് ഇ ബി സൗരയുടെ വെബ് പോര്‍ട്ടലായ ഇ കിരണ്‍ വഴി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കായിരിക്കും മുന്‍ഗണന.
ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്.
142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.
തെറ്റുവഴി: കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാല് വയസ്സുകാരന് പരിക്ക്. ഓടംന്തോട് സ്വദേശി ക്രിസ്റ്റിക്കാണ് പരിക്കേറ്റത്. തെറ്റുവഴി മരിയ ഭവന്‍ റോഡിലാണ് അപകടം ഉണ്ടായത്. മരിയ ഭവന്‍ റോഡില്‍ നിന്നും വന്ന കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.