Hivision Channel

latest news

ചുങ്കക്കുന്ന് ഒറ്റപ്ലാവ് കോണ്‍ഗ്രസിന്റെ 150-ാമത് ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ഒറ്റപ്ലാവ് കോണ്‍ഗ്രസിന്റെ 150-ാമത് ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. കന്നപ്പള്ളി ജോണ്‍സന്റെ ഭവനത്തില്‍ നടന്ന കുടുംബ സംഗമം ബൂത്ത് പ്രസിഡന്റ് ജോയ് ഓരത്തേലിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകാം, ജോസഫ് പൂവക്കുളം, മിനി പൊട്ടങ്കല്‍, ബിജു മുക്കടക്കാട്ട്, ഷിന്റോപ്പി ജോര്‍ജ്, ആല്‍ബിന്‍ ചുരുളിയില്‍ എന്നിവര്‍ സംസാരിച്ചു.

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹര്‍ജിക്കാരന്‍.

ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും

ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുന്നു. അടുത്ത മാസം 31 ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാന്‍ സാധിക്കുന്ന അവസാന തീയതി.

ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂണ്‍ 30 വരെയാക്കി. തുടര്‍ന്ന് കൊവിഡ് വ്യാപനം ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ വീണ്ടും തീയതി നീട്ടിയിരുന്നു.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ പാന്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാധിക്കില്ല. 2023 മാര്‍ച്ച് 31 ന് ഉള്ളില്‍ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു

യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.1999 ല്‍ കോഴിക്കോട് നടന്ന മലബാര്‍ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് 24 വര്‍ഷംമുമ്പ് 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. ഗാനമേള പുരോഗമിക്കവെ ബീച്ചിലെ നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് ഗായകരായ ചിത്രക്കും യേസുദാസിനും നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഗായകരെ കല്ലെറിഞ്ഞ സംഘത്തില്‍ ചില പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. കേസില്‍ പിടിയിലാകാനുള്ള ആളായിരുന്നു അസീസെന്ന് അന്വേഷണസംഘം പറഞ്ഞു.

കോഴിക്കോട് ഒന്‍പതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസില്‍ 10 പേരെ പ്രതിചേര്‍ത്ത് പൊലീസ്.

കോഴിക്കോട് ഒന്‍പതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസില്‍ 10 പേരെ പ്രതിചേര്‍ത്ത് പൊലീസ്.പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികള്‍. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൈയില്‍ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങള്‍ തിരക്കുന്നത്. അപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താവുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കമ്മീഷന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കമ്മീഷന്‍. പൂജ സാധനങ്ങള്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്ഷേത്രങ്ങളിലും മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ഥ ചന്ദനത്തിന് ഉയര്‍ന്ന വില ആയതിനാലാണ് ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ പോയ കര്‍ഷകര്‍ ബിജുവില്ലാതെ തിരിച്ചെത്തി

കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ പേരട്ട സ്വദേശി ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു. തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം മടങ്ങിയത്. ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകള്‍ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള അനുമതി തേടി അഗ്‌നിരക്ഷാസേനയില്‍ നിന്ന് അയച്ച കത്തിന്റെ മറുപടിയിലാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല. ഇന്റര്‍നെറ്റിലോ സമൂഹ മാധ്യമത്തിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.

കെഎസ്ആര്‍ടിസിയിലെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ സിഐടിയു

കെ എസ് ആര്‍ ടി സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും. ചീഫ് ഓഫീസ് നടയില്‍ പ്രതിഷേധ ധര്‍ണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കല്‍ ക്യാംപയിനും തുടക്കം കുറിക്കും.സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസില്‍ എത്തിയാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു പേരാവൂര്‍ മേഖല കണ്‍വെന്‍ഷന്‍

പേരാവൂര്‍:നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു പേരാവൂര്‍ മേഖല കണ്‍വെന്‍ഷന്‍ സിഐടിയു പേരാവൂര്‍ ഏരിയ സെക്രട്ടറി ടി വിജയന്‍ ഉദ്ഘാടനം ചെയ്തു.കെ പി സുഭാഷ് അധ്യക്ഷത വഹിച്ചു.കെ കരുണാകരന്‍ ,കെ സന്തോഷ്,രമേഷന്‍ കൂടാളി,അനിത എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായ കെ പി സുഭാഷിനെ പ്രസിഡന്റായും, കെ കരുണാകരനെ സെക്രട്ടറിയായും ,വൈസ് പ്രസിഡന്റുമാരായി രമേഷന്‍ കൂടാളി,ടി പ്രദീപന്‍ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി കെ സന്തോഷ്,കെ രമണി എന്നിവരെയും തിരഞ്ഞെടുത്തു.