
കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ പേരട്ട സ്വദേശി ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു. തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം മടങ്ങിയത്. ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.














