
കണ്ണൂര്‍:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കൃഷിയിടാധിഷ്ടിത ആസൂത്രണ സമീപന പദ്ധതിയുടെ ജില്ലാതല ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല, ഗവേഷണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കാര്‍ഷിക അനുബന്ധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 89 കൃഷിഭവനുകളില്‍ നിന്ന് തെരഞ്ഞെടുത്ത 890 കര്‍ഷകരിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍, സംയോജിത മാതൃക കൃഷിത്തോട്ടം രൂപീകരണം, കര്‍ഷക ഉത്പാദന സംഘങ്ങള്‍, അനുബന്ധ വകുപ്പുകളുടെ പങ്ക്, ഫാം പ്ലാന്‍ സാങ്കേതിക വശങ്ങളും ബി എല്‍ എ കെ സി യുടെ പങ്ക്, മോഡല്‍ ഫാം പ്ലാന്‍ രൂപീകരണം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ജില്ലയിലെ കൃഷിവകുപ്പിലെ നൂറോളം ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യുപി ശോഭ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ രഘുകുമാര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി ജയരാജ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജിമോള്‍ കെ ബേബി എന്നിവര്‍ പങ്കെടുത്തു.














