Hivision Channel

latest news

ഇന്ന് ദീപാവലി

ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയുമായി ഇന്ന് ദീപാവലി. മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്.

ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്. രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാന്‍ അയോദ്ധ്യാവാസികള്‍ ദീപാലങ്കാരങ്ങള്‍ നടത്തിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണന്‍ ദുഷ്ടനായ നരകാസുരനെ വധിച്ചതില്‍ സന്തുഷ്ടരായ ദേവകള്‍ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം.

ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു.

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുഴക്കുന്ന്: ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഇന്ത്യന്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി അലര്‍ജി രോഗങ്ങളെ സംബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി. വി വിനോദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി സജു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ദിവ്യ, സീനിയര്‍ അധ്യാപകന്‍ കെ കെ ജയദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡോ. അഖില കുട്ടികളെ പരിശോധിച്ചു.

സല്യൂട്ട് ദ ഡ്രൈവര്‍

കാവുംപടി: സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സല്യൂട്ട് ദ ഡ്രൈവര്‍ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ 30 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന എം ബാബുവിനെ ആദരിച്ചു.തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ബാബുവിനെയും കണ്ടക്ടറായ മനോജിനെയും പൊന്നാടയണിയിച്ചു.
പി ടി എ പ്രസിഡന്റ് പി ബിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി സനീഷ്, മുന്‍ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.സന്തോഷ്,ഗഫൂര്‍, എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ കല്യാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രകൃതിവിരുദ്ധ പീഡനം; വയോധികന്‍ റിമാന്‍ഡില്‍

ഇരിട്ടി: പ്രകൃതിവിരുദ്ധ പീഡനം വയോധികന്‍ റിമാന്‍ഡില്‍. ഉളിക്കല്‍ മണിപ്പാറ കരിമാങ്കയത്തെ മണ്ണൊറ വീട്ടില്‍ കെ കാദറിനെയാണ് പോക്‌സോ കേസില്‍ ഉളിക്കല്‍ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

പടക്കക്കടകളില്‍ തീപിടുത്തം; തൊട്ടടുത്ത ഫുഡ്‌കോര്‍ട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ വന്‍ തീപിടിത്തം. ദീപാവലിക്ക് വില്‍ക്കാന്‍ വേണ്ടി സൂക്ഷിച്ചിരുന്ന പടക്കക്കടകളിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. തീ പടര്‍ന്ന് തൊട്ടടുത്തുള്ള ഫുഡ് കോര്‍ട്ടിലെ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. അര്‍ദ്ധരാത്രിയായതിനാല്‍ ഫുഡ് കോര്‍ട്ടിലും പടക്കക്കടകളിലും ആളുകളുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സ് പെട്ടെന്ന് തന്നെ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നും പടക്കക്കടകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്റേത്. തുടര്‍ച്ചയായുള്ള വില ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കൂടിയിരുന്നു. 620 രൂപയാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. 44,800 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്നലെ സംസ്ഥാനത്ത് നടന്നത്.

റബര്‍ പുകപ്പുര കത്തി നശിച്ചു

കേളകം: റബര്‍ പുകപ്പുര കത്തി നശിച്ചു.അടക്കാത്തോട് കരിയംകാപ്പിലെ കൊല്ലിയില്‍ മാത്യുവിന്റെ പുകപ്പുരയാണ് വെള്ളിയാഴ്ച ഉച്ചയോടെ കത്തി നശിച്ചത്. പുകപ്പുരയുടെ സമീപത്ത് സൂക്ഷിച്ചിരുന്ന ഒട്ടുപാല്‍, കൊക്കോ ,അടക്ക,റബര്‍ ഷീറ്റുകള്‍, മരപ്പലകകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.പേരാവൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക്സാധ്യത. മഴ തുടരുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേക അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി

This image has an empty alt attribute; its file name is supreme-court.1652112139-1-1.jpg

ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.