Hivision Channel

latest news

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി

This image has an empty alt attribute; its file name is supreme-court.1652112139-1-1.jpg

ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

അയ്യന്‍ മൊബൈല്‍ ആപ്പ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായമാകുന്ന തരത്തില്‍ അയ്യന്‍ മൊബൈല്‍ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്‌സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലുള്‍പെടുത്തിയിട്ടുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യന്‍’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവര്‍ത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും.

കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളില്‍ എത്തിപ്പെടുന്ന അയ്യപ്പഭക്തര്‍ക്ക് സഹായകരമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം

ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം. ‘ഇക്‌സ്ചിക്’എന്ന പേരില്‍ വാക്‌സിന്‍ വിപണിയിലെത്തും.വാക്സിന്‍ വികസിപ്പിച്ചത് അമേരിക്കയാണ്. യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്.
രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കൊതുകുകള്‍ വഴി പടരുന്ന വൈറസാണ് ചിക്കുന്‍ഗുനിയ. ‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചിക്കുന്‍ഗുനിയയെ ചൂണ്ടിക്കാട്ടുന്നത്.

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കേളകം: നവകേരള സദസ്സിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തും അടയ്ക്കാത്തോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളൂന്നി കണ്ടംതോട് വായനശാലയില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു.ഡോ.ബിജു, ലിസി തുടങ്ങിയവര്‍ സംസാരിച്ചു.

നവകേരളസദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടികള്‍ കഴിഞ്ഞതിനു ശേഷവുമായിട്ടായിരിക്കും കൗണ്ടറുകളില്‍ പരാതി സ്വീകരിക്കുക. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സ്ഥാപിക്കും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷമെ കൗണ്ടറുകള്‍ അവസാനിപ്പിക്കു. പരാതികള്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരുമുണ്ടാകും. പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും, മൊബൈല്‍ നമ്പറും ഇ മെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും. നവകേരള സദസ്സ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കും.

ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടര്‍നടപടിക്കായി പോര്‍ട്ടലിലൂടെ നല്‍കണം.പരാതികള്‍ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കുള്ളില്‍ ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാലാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാന തലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളിലും പരിഹരിക്കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും. നവംബര്‍ 20, 21, 22 തിയ്യതികളിലാണ് ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നത്.

പീറ്റര്‍ മാരിറ്റ്‌സ് ബര്‍ഗിലെ വൃദ്ധന്‍ പ്രകാശനം ചെയ്തു

ഇരിട്ടി:ഷാജു പാറയ്ക്കലിന്റെ പീറ്റര്‍ മാരിറ്റ്‌സ് ബര്‍ഗിലെ വൃദ്ധന്‍ എഴുത്തുകാരന്‍ രാജേഷ് ചിറപ്പാട് നിയമസഭ അന്തര്‍ദേശീയ പുസ്തകോത്സവ നഗരിയില്‍ വച്ച് പ്രകാശനം ചെയ്തു.വി.കെ ജോസഫ്,എസ്.ജോസഫ്,ഷിജു ഏലിയാസ്,വിന്‍സന്റ് പീറ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിന് ഒന്നാം സ്ഥാനം

ഇരിട്ടി: ഉപജില്ലാ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 9 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

കിഫ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

കൊട്ടിയൂര്‍:കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയിലിനും സത്യസന്ദേശ യാത്രയ്ക്കും നേരെ ഇടുക്കിയില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ് വില്‍സണ്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. എം.പി.കൃഷ്ണന്‍ നായര്‍, ജോഷി പാറയില്‍, മനോജ് വെള്ളാമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ കോഴിക്കോട് നടക്കും

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ കോഴിക്കോട്ട് നടക്കും. റാലി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.
മതസാമുദായിക നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. റാലിയില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘പലസ്തീന്‍; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്യും.