Hivision Channel

latest news

തൃശൂരില്‍ 5 വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

തൃശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം.

കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ധ ചികിത്സ തേടിയിരുന്നു.

പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്.ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്.
അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് .

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്;പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.

തിങ്കളും ചൊവ്വയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത എന്നാണ് പ്രവചനം. തിങ്കളും ചൊവ്വയും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെയ് 20,21 തിയതികള്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് കര്‍ണാടക സ്വദേശി മരിച്ചു

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിലുംതിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിനു മുകളില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാന്‍ കാരണം.

കുടുംബശ്രീയ്ക്ക് ഇന്ന് 26 വയസ്

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളം വെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ വഴിയൊരുക്കി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികമാണിന്ന്.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വന്‍ വിജയമായി. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്ന് 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. ഇത്തരം മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കണ്ണൂര്‍:മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, വെസ്റ്റ്നൈല്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. കൊതുക് നിര്‍മാര്‍ജനമാണ് പ്രധാന പ്രതിരോധ മാര്‍ഗം.
വീട്ടിലെ ഫ്രിഡ്ജിന്റെ പിറകുവശത്തുള്ള ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളയുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഉള്‍ഭാഗം ആഴ്ചയിലൊരിക്കല്‍ ഉരച്ച് കഴുകുക, മണി പ്ലാന്റുകള്‍ വെള്ളത്തില്‍ ഇട്ടു വെക്കുന്നതിനു പകരം ചട്ടിയിലോ ജാറിലോ മണ്ണിട്ട് അതില്‍ കുഴിച്ചിടുക, വീടിന് ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍, ടയര്‍, മുട്ടത്തോടുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് മഴവെള്ളം വീഴാതെ വെക്കുക, മരക്കുറ്റികളും മരപ്പൊത്തുകളും മണ്ണിട്ട് നിറക്കുക, സണ്‍ഷെയ്ഡ്, ടെറസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുക, സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസറ്റ് അടച്ചു വെക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചാല്‍ വീടും പരിസരവും കൊതുക് വളരുന്ന ഇടമാകാതെ സൂക്ഷിക്കാം.
ക്യൂലക്സ് കൊതുക് പരത്തുന്ന പകര്‍ച്ച വ്യാധിയായ വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൊതുക് കടി ഏല്‍ക്കാതിരിക്കുക എന്നതാണ്. കൊതുകുവല ഉപയോഗിക്കുക, കൊതുകിനെതിരായ ലേപനങ്ങള്‍ പുരട്ടക, ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക എന്നിവ പ്രതിരോധത്തിന് ആവശ്യമാണ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.
പന്നി, കന്നുകാലികള്‍, കൊക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ എന്നിവയിലാണ് ജപ്പാന്‍ ജ്വര രോഗാണു കാണുന്നത്. ക്യൂലക്സ്, മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ പ്രവേശിക്കുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.

അവയവം മാറി ശസ്ത്രക്രിയ; പോലീസില്‍ പരാതി നല്‍കി കുടുംബം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്നും നടപടി എടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡി.എം.ഇയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്‌ക്കെത്തിയത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഷ്യം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.

കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനാല്‍ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാന്‍ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് കാരണമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

ജല അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ബൈക്ക് വീണ് 65കാരന് ദാരുണാന്ത്യം

പാലക്കാട് ജല അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ബൈക്ക് വീണ് 65കാരന് ദാരുണാന്ത്യം. വടക്കന്തറ സ്വദേശി സുധാകരനാണ് മരിച്ചത്,മൂന്ന് മാസമായി പ്രദേശവാസികള്‍ മൂടാന്‍ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാരന്‍ വീണത്.

ഇന്നലെ വൈകീട്ട് ആറ് മുപ്പതോടെയാണ് സുധാകരന്‍ കുഴിയില്‍ വീണത്,പറക്കുന്നത്ത് വിക്ടോറിയ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജലഅതോറിറ്റി എടുത്ത കുഴിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു,തെറിച്ചുവീണ സുധാകരന്റെ തലക്കാണ് പരിക്കേറ്റത്,ഉടനെ ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.