Hivision Channel

Kerala news

സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന

സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 140 രൂപ വര്‍ധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോര്‍ഡ് വര്‍ധനവായി കണക്കാക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പ്രതികരിച്ചു.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം

മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം.അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍- വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ നികുതി രസീത്, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടതിന്റെ സാക്ഷ്യപത്രം, 2009ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മുന്‍ഗണന കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, ആരുടെയും പേരില്‍ ഭൂമിയില്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആധാറിന്റെ പകര്‍പ്പ്, വീടിന്റെ അവസ്ഥ കുടില്‍/ഓല, പുല്ല് മേഞ്ഞത്/ ജീര്‍ണ്ണിച്ചതാണെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, വീടില്ലെങ്കില്‍ അത് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, പട്ടികജാതി/ വര്‍ഗത്തില്‍ പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, മാരക രോഗം/ ഭിന്നശേഷി അംഗങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുടിവെള്ളം/ വൈദ്യുതി/ സുരക്ഷിതമായ കക്കൂസ് എന്നിവയിലേതെങ്കിലും ഇല്ലെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തിലാണ് ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളില്‍ കിട്ടുന്നത്. തമിഴ്നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവര്‍ഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവര്‍ഷം തുടങ്ങിയേക്കും.

കിഫയുടെ നേതൃത്വത്തില്‍ ഉളിക്കലില്‍ പ്രതിഷേധ യോഗം

ഉളിക്കല്‍: കാട്ടാന ആക്രമണത്തില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസ് അത്രശേരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തില്‍ ഉളിക്കലില്‍ പ്രതിഷേധ യോഗം നടത്തി. കിഫ ജില്ലാ സെക്രട്ടറി എം ജെ റോബിന്‍,കിഫ കൊട്ടിയൂര്‍, കേളകം, പയ്യാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വില്‍സണ്‍ വടക്കയില്‍, റോയി പയറ്റനാല്‍, മാത്യു തൈവേലിക്കകത്ത്, സാജു ഉണ്ണായിപ്പിള്ളില്‍, ഷാജി തെക്കേമുറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തില്‍ സമവായം ഇല്ലാത്തത് ഭീകരര്‍ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭീകരവാദ ആക്രമണങ്ങള്‍ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. നേരത്തെ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലഭിക്കുന്ന മഴയുടെ തോതില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകള്‍ മുന്നിട്ട് നില്‍ക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ ലഭിക്കേണ്ട മഴയുടെ തോത് കുറവാണ്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളില്‍ കിട്ടുന്നതെന്നും നിരീക്ഷകര്‍ പറഞ്ഞു.

വയനാട് തലപ്പുഴ മേഖലയില്‍ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ മേഖലയില്‍ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകര്‍ത്തതും കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ എത്തിയതും ഇതേ അഞ്ചുപേര്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയില്‍ പൊലീസിന്റെ പരിശോധന ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്ഡിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകര്‍ത്തത്. സംഘത്തില്‍ സി.പി മൊയ്തീന്‍ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളില്‍ അഞ്ചംഗ സംഘം എത്തി. പിന്നീട് നാലാം തീയതി കമ്പമലയിലെ പാടിയിലെത്തിയ സംഘം പൊലീസ് സ്ഥാപിച്ച സിസിടിവി അടിച്ചുതകര്‍ത്തു.

എന്നാല്‍ ഈ സിസിടിവിയില്‍ അഞ്ചുപേരുടെയും ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. സി.പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍ കുമാര്‍, സോമന്‍ എന്നിവരാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം മക്കിമലയിലെ റിസോര്‍ട്ടില്‍ എത്തിയതും ഇവരാണെന്ന് സ്ഥിരീകരിച്ചു. കബനി ദളത്തിന്റെ ഭാഗമായി 18 പേര്‍ പ്രവര്‍ത്തിക്കുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 പേരില്‍ 6 പേര്‍ സ്ത്രീകളാണ്. ഇവരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

ആറളം മുതല്‍ കമ്പമല വരെയുള്ള പ്രദേശങ്ങളിലും കര്‍ണാടക വനത്തോട് ചേര്‍ന്ന മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് വേണ്ട സഹായം പുറത്തു നിന്നും എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി.

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു.ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു.

1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ,കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ,ശാന്തം ,അച്ചുവിന്റെ അമ്മ ,യെസ് യുവര്‍ ഓണര്‍ ,നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ല കളക്ടറായി പ്രവേശന പരീക്ഷ കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍ ഐ.എ.എസ് ചുമതല ഏല്‍ക്കും

സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ ഹരിത വി കുമാര്‍ മൈനിങ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.

അദീല അബ്ദുല്ലയ്ക്ക് പകരമാണ് ദിവ്യ എസ് അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ഞായറാഴ്ച കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടര്‍. മലപ്പുറം കളക്ടര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടര്‍ ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വിനോദ് വി ആര്‍ ആണ് പുതിയ മലപ്പുറം കളക്ടര്‍.

പ്രവേശന പരീക്ഷ കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ കളക്ടര്‍ ആയി സ്ഥാനമേല്‍ക്കും. മൈനിങ് ആന്‍ഡ് ജിയോളജ് വകുപ്പ് ഡയറക്ടര്‍ ദേവദാസ് ആണ് പുതിയ കൊല്ലം കളക്ടര്‍. സ്‌നേഹജ് കുമാറിവെ കോഴിക്കോട് കളക്ടറായും നിയമിച്ചു.