Hivision Channel

Kerala news

ചാണ്ടിഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നീണ്ടുനോക്കി ടൗണില്‍ കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

കൊട്ടിയൂര്‍:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടിഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നീണ്ടുനോക്കി ടൗണില്‍ കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്,
പി.സി രാമകൃഷ്ണന്‍, അജീഷ് ഇരിങ്ങോളി എന്നിവര്‍ നേതൃത്വം നല്‍കി.പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

പേരാവൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഓവുചാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയില്‍

പേരാവൂര്‍: പോലീസ് സ്റ്റേഷന് സമീപമുള്ള ഓവുചാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയില്‍.പോലീസ് സ്റ്റേഷന് പുതുതായി മതില് കെട്ടിയതിന്റെ താഴ് വശത്തായാണ് ഓവുചാലിന്റെ ഒരുഭാഗത്തെ മണ്ണിളകിയിരിക്കുന്നത്.ഇത് ഓവുചാലിലേക്ക് വീഴാറായ അവസ്ഥയിലാണ് ഉള്ളത്.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് ഓവുചാലിന്റെ ഒരുവശത്തെ സൈഡ് ഭിത്തി ഇടിഞ്ഞത്.

ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി

പേരാവൂര്‍: ഇരിട്ടി ഉപജില്ലാ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ സബ്ജൂനിയര്‍ ബോയ്സ് & ഗേള്‍സ് വിഭാഗത്തില്‍ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി.

കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

കേളകം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് കേളകം ടൗണില്‍ കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, ലിസി ജോസഫ്, ജോയി വേളുപ്പുഴ, വര്‍ഗീസ് ജോസഫ് നടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മികച്ച ഭൗതിക സാഹചര്യം ഒരുക്കുന്നു; സ്പീക്കര്‍

വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അതിനുള്ള മികച്ച ഭൗതിക സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവങ്ങാട് ഗവ. എച്ച് എസ് എസിനെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അത്യാധുനികരീതിയിലുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളില്‍ മികച്ച അധ്യാപകരാണുള്ളത്. നല്ലരീതിയില്‍ പഠിപ്പിക്കാന്‍ ശേഷിയുള്ളവര്‍. അവരെ ഉപയോഗപ്പെടുത്തുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ. ശേഷിയുള്ളവര്‍ മാത്രം അതിജീവിക്കുന്ന പുതിയകാലത്ത് പഠിക്കുകയല്ലാതെ മറ്റു വഴികളില്ല.മികച്ചവരാകാന്‍ കഠിനാദ്ധ്വാനമാണ് വേണ്ടത്. സ്പീക്കര്‍ പറഞ്ഞു.
ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, സയന്‍സ് ലാബുകള്‍, ഐ ടി ലാബുകള്‍, ലൈബ്രറി, സ്റ്റേജ്, ശുചിമുറികള്‍, ഭക്ഷണ ശാല എന്നിവയാണ് സജ്ജീകരിക്കുക. കിഫ് ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.29 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സെമിനാര്‍ നടത്തി

എടത്തൊട്ടി: ഡി പോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്ലെയിസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ സാന്താമോണിക്ക സ്റ്റഡി എബ്രോഡിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി.പ്രിന്‍സിപ്പാള്‍ ഫാ പീറ്റര്‍ ഓരോത്ത് ഉദ്ഘാടനം ചെയ്തു.സാന്താമോണിക്ക സ്റ്റഡിസെന്റര്‍ മാനേജര്‍ ഷോബിത തോമസ് ക്ലാസ് നയിച്ചു.തോമസ് പോള്‍ സംസാരിച്ചു

പുതുപ്പള്ളി മണ്ഡലത്തെ ഇനി ചാണ്ടി ഉമ്മന്‍ നയിക്കും

ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്നില.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്.

സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എതിര്‍നീച്ചല്‍എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയില്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലറിലാണ്. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്റെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. 1993ലാണ് മാരിമുത്തു തന്റെ കരിയര്‍ തുടങ്ങുന്നത്. അരന്മനൈ കിളി (1993), എല്ലാമേ എന്‍ രസത്തന്‍ (1995) എന്നീ ചിത്രങ്ങളില്‍ രാജ്കിരണിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. മണിരത്നം, വസന്ത്, സീമാന്‍, എസ്. ജെ. സൂര്യ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹസംവിധായകനായി മാരിമുത്തു തുടര്‍ന്നു, സിലംബരശന്റെ ടീമായ മന്മഥനിനും അദ്ദേഹം സഹസംവിധായകനായി. 2008ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ മാരിമുത്തു സ്വതന്ത്ര സംവിധായകനായി. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും നിരൂപക പ്രശംസകള്‍ നേടി. 6 വര്‍ഷത്തിന് ശേഷം പുലിവാല്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. 2010ല്‍ ആണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നത്. നിരവധി തമിഴ് സിനിമകളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ആരോഹണം (2012), നിമിര്‍ധു നില്‍ (2014), കൊമ്പന്‍ (2015) എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം കത്തി സണ്ടൈയില്‍ വിശാലിനൊപ്പവും അഭിനയിച്ചു. പിന്നാലെ സീരിയലുകളിലും മാരിമുത്തു തന്റെ സാന്നിധ്യം അറിയിച്ചു. സമീപകാലത്തെ തമിഴ് ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലര്‍ ആയിരുന്നു അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ ഒഡിഷ -ഛത്തീസ്ഗഡ് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ചക്രവാതചുഴി സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ മധ്യപ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യാന്‍ സാധ്യത.

ഇതിന്റെ സ്വാധീനത്തിലാണ് മഴ പെയ്യുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു.

ആലുവയില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതല്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതി പൂര്‍ണ്ണമായും സഹകരിച്ചിരുന്നില്ല.

പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 15 കേസുകള്‍ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമര്‍പ്പിക്കും.