Hivision Channel

Kerala news

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി;പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ പോലെ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ഒരു മുഖമുള്ള സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പരീക്ഷിക്കേണ്ട സാഹചര്യമില്ല, അത് തിരിച്ചടിയാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം; തിരുവനന്തപുരത്ത് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങള്‍, സൈനിക് സ്‌കൂള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, അശ്വാരൂഡ പൊലീസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവര്‍ അണിനിരക്കുന്ന പരേഡ് നടക്കും. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

ജീവന്‍രക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു.

ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങുകള്‍ രാവിലെ ഒമ്പതിനോ അതിനുശേഷമോ നടക്കും. സബ് ഡിവിഷന്‍, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പതാക ഉയത്തുന്നത്. ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയര്‍ത്തും. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മിച്ച ദേശീയ പതാകകളുടെ നിര്‍മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം. സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.

ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി

ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയിലാണ് സംഭവം. സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെയായിരുന്നു സംഭവം. ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെന്ന അമ്പതുകാരന്‍ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന് അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്റെ ഭാര്യ സുലി. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഓണത്തിന് നാട്ടിലെത്താന്‍ ഇത്തവണയും മലയാളികള്‍ക്ക് ചിലവേറും

ഓണത്തിന് നാട്ടിലെത്താന്‍ ഇത്തവണയും മലയാളികള്‍ക്ക് ചിലവേറും. ഓണം സ്പെഷ്യലായി 8 ട്രെയിനുകള്‍ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി.

വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ആശ്രയം ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വീസുകളാണ്. എന്നാല്‍ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പേ തീര്‍ന്നു. ആഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ട്രെയിനില്‍ നാട്ടിലെത്തണമെങ്കില്‍ അതിക സര്‍വീസുകള്‍ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകള്‍ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും മലയാളികള്‍ക്കാണ് അല്‍പമെങ്കിലും ആശ്വാസമാകുക.

സ്വകാര്യ ബസിനെ ആശ്രയിച്ചാലും കൈ പൊള്ളും. ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം വരെ ആയിരുന്ന ടിക്കറ്റ് നിരക്ക് മൂവായിരത്തിന് മുകളിലെത്തി.
കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ പ്രതിസന്ധി ഒരു പരുതി വരെ മറികടക്കാനാകും.

നെഹ്റു ട്രോഫി വള്ളംകളി നാളെ

69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിങ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 50 ഇന്‍സ്പെക്ടര്‍, 465 എസ്‌ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.

മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ ഗ്രേഡ് -4, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -7, വെപ്പ് ബി ഗ്രേഡ് -4, തെക്കനോടി തറ -3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ഇഡി കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണ കോടതി നടപടികള്‍ക്ക് സ്റ്റേ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതിനാല്‍ ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം.

ഒന്നാം പ്രതി അനൂപില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട ബിനീഷ് ബെംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിലാവുകയായിരുന്നു. ഒരു വര്‍ഷ കാലം ജാമ്യമില്ലാതെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് 2021ല്‍ ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചു

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
പി വി അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്.

യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്. ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസര്‍ക്കാണ് പരാതികളിന്മേല്‍ നോഡല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുക. വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീപദവി പഠനം;ജില്ലാതല സര്‍വ്വേ ഉദ്ഘാടനം 21ന്

കണ്ണൂര്‍:ജില്ലയിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തുന്ന സ്ത്രീപദവി പഠനത്തിന്റെ സര്‍വ്വേ ആഗസ്റ്റ് 21ന് ആരംഭിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. 21ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സെപറ്റംബര്‍ 15ന് സര്‍വ്വേ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ജലം ഉപയോഗിക്കുന്നത് കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലാണെന്ന് ഭൂജല വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഈ തദ്ദേശ സ്ഥാപനങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി 43 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി കോര്‍പ്പറേഷനിലും നഗരസഭകളിലും നടപ്പാക്കാന്‍ അംഗീകാരം നല്‍കി.

ഓഗസ്റ്റ് 12, 13 തീയതികളില്‍ കാണാം ആകാശ വിസ്മയം

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകള്‍ നമ്മുക്കെന്നും അത്ഭുതമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീയിഡ്‌സ് ഉല്‍ക്കാവര്‍ഷം കാണാന്‍ വരുന്ന 12 ,13 തീയതികളില്‍ ആകാശം നോക്കാം.

നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷം തോറുമുള്ള പെഴ്‌സീയിഡ്‌സ് ഉല്‍ക്കകള്‍ ഈ മാസം 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 50 മുതല്‍ 100 ഉല്‍ക്കകള്‍ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ 11 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളില്‍ നാം കാണുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്.