Hivision Channel

Kerala news

ബിഎല്‍ഒമാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ ഉത്തരവ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടര്‍പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതിനാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ ഏതെങ്കിലും രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ വകുപ്പ് മേധാവികളോട് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. ഇതിനായി ബിഎല്‍ഒമാര്‍ ബന്ധപ്പെട്ട ഇആര്‍ഒ (തഹസില്‍ദാര്‍)യുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്വാതന്ത്യദിനാഘോഷം; മന്ത്രി പി എ മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍:രാജ്യത്തിന്റെ 76ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്യദിന പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ് എന്നിവയ്ക്ക് പുറമെ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, എസ്പിസി, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ക്കൊപ്പം കണ്ണൂര്‍ ഡിഎസ്സിയുടേതുള്‍പ്പെടെ മൂന്ന് ബാന്‍ഡ് സെറ്റുകളും ഉണ്ടാവും. ആഗസ്റ്റ് 10 മുതല്‍ 13 വരെ പരേഡിന്റെ പരിശീലനം നടക്കും. സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്തും.സ്വാതന്ത്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ലോക ആദിവാസി ദിനാചരണവും പ്രവര്‍ത്തക കണ്‍വെന്‍ഷനും

പേരാവൂര്‍:ആദിവാസി ക്ഷേമ സമിതി പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക ആദിവാസി ദിനാചരണവും പ്രവര്‍ത്തക കണ്‍വെന്‍ഷനും പേരാവൂരില്‍ നടന്നു.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഒ ലക്ഷ്മി അധ്യക്ഷത വഹിച്ചു.ബി കെ ശ്രീകുമാര്‍,അഡ്വ എം രാജന്‍,എം എസ് വാസുദേവന്‍,സുരേഷ് ബാബു പി കെ,റിജി എം,കെ കെ ജോസ്,കെ എ രജീഷ് എന്നിവര്‍ സംസാരിച്ചു.

വേക്കളം എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം

പേരാവൂര്‍:സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് വേക്കളം എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. നിയ കെ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന, സഡാക്കോ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രസംഗം എന്നിവ സംഘടിപ്പിച്ചു. രാജീവന്‍ കെ പി ,ഇന്ദു പി, നിഷ വി ഐ, അനുശ്രീ ജി, എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി

കോളയാട്:വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി. പ്രസിഡണ്ട് മനോജ് നാഷണല്‍ പതാക ഉയര്‍ത്തി. ട്രഷറര്‍ മഷൂദ്, വ്യാപാരി നേതാക്കളായ കെ.വി രാഘവന്‍, ഉമ്മര്‍ കുട്ടി, അനില്‍ വെള്ളമറ്റം, രാജന്‍ കൊണ്ടച്ചേരി എന്നിവര്‍ സംസാരിച്ചു. ടൗണില്‍ മധുരപലഹാര വിതരണവും നടത്തി.

പടിയൂര്‍ ടൗണ്‍ സൗന്ദര്യ വത്കരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

ഇരിട്ടി:ഓഗസ്റ്റ് 9 വ്യാപാരി ദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പടിയൂര്‍ യൂണിറ്റ്, പടിയൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പടിയൂര്‍ മുതല്‍ പുലിക്കാട് വരെയുള്ള ടൗണ്‍ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഉദ്ഘാടനം പടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി തടത്തിലിന്റെ അധ്യക്ഷതയില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദീന്‍ നിര്‍വഹിച്ചു.ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ. കെ. സോമശേഖരന്‍ മുഖ്യാതിഥി ആയിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി, പഞ്ചായത്ത് മെമ്പര്‍ രാജീവന്‍ മാസ്റ്റര്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ സുകുമാരന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. പി. ബാബുയൂണിറ്റ് സെക്രട്ടറി ജോസ് താമരശ്ശേരില്‍ ,ട്രഷറര്‍ സണ്ണി കെ. എം.
എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് വാഹനാപകടത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു.ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.സ്‌കൂട്ടര്‍ ഓടിച്ച കല്ലായി സ്വദേശി മെഹബൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.

കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകനാണ് മെഹബൂത് സുല്‍ത്താന്‍ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി.

അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മെഹബൂത് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നൂറുല്‍ ഹാദി മരിച്ചത്.

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരളം’ എന്നാക്കി മാറ്റാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയില്‍ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിന് സഭ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി.

പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ സര്‍ക്കാര്‍ രേഖകളിലടക്കം ‘കേരളം’ എന്ന നാമം ഉപയോഗത്തില്‍ വരും.ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താല്‍ക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. ഈ മാസം 24 വരെ നിയമസഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 നാണ്. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21. എട്ടിനാണ് വോട്ടെണ്ണല്‍.

സബ്സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ച സപ്ലൈകോ മാനേജര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്ലെറ്റ് മാനേജരെ സസ്പെന്‍ഡ് ചെയ്തു. സബ്സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍ സബ്സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

അന്വേഷണത്തില്‍ നാല് സാധനങ്ങള്‍ മാത്രമാണ് ഇല്ലാതിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.