Hivision Channel

latest news

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസ്;തുടര്‍ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ എഫ്‌ഐആറിട്ട് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.

 സുരക്ഷ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.  പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

അധ്യാപകന്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല. സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം.

സ്‌കൂള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വര്‍ദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ശിക്ഷാ നടപടികള്‍ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും.

മാത്രമല്ല ഇത് വരും തലമുറകള്‍ക്ക് ദോഷം ചെയ്യും. ആയതിനാല്‍ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനായി 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാര്‍ഗീകരണ സേവനങ്ങളും ചട്ടങ്ങള്‍ ഭേദഗതിചെയ്ത് ഇത്തരം തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പരോള്‍ നിര്‍ത്തലാക്കുന്നതിന് വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നു.

മാവോയിസ്റ്റ് പ്രകടനം; യുഎപിഎ ചുമത്തി കേസെടുത്തു

അയ്യന്‍കുന്നിലെ വാളത്തോട് മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയ സംഭവത്തില്‍ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമെന്ന് സ്ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്പള്ളിയിലും, അയ്യന്‍കുന്ന് ഇടപ്പുഴയിലും എത്തിയതെന്നും കണ്ടെത്തി. കേരള-കര്‍ണാടക വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് നിഗമനം.രണ്ട് ദിവസം മുമ്പാണ് അയ്യന്‍കുന്ന് വാളത്തോട് ടൗണില്‍ മാവോയിസ്റ്റ് പ്രകടനം നടന്നത്.

‘ലോക ബാങ്ക് നിര്‍ദേശാനുസരണം റേഷന്‍ നിര്‍ത്തലാക്കുന്ന മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’, എന്നതടക്കം ഉള്ളടക്കമുള്ള ലഘുലേഖകളാണ് സംഘം വിതരണം ചെയ്തത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വാളത്തോട് ടൗണില്‍ നേരത്തെയും സായുധരായ മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ടിരുന്നു. വനാതിര്‍ത്തി വഴിയാണ് മാവോയിസ്റ്റുകള്‍ എത്തിയത് എന്നാണ് വിലയിരുത്തുന്നത്. മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന് പിന്നാലെ തണ്ടര്‍ബോള്‍ട്ട് കമാന്റോ സംഘം അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാന്‍ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം.

പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഘത്തെ ബൈക്കില്‍ പിന്തുടര്‍ന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

പിന്നീടിവര്‍ ജീപ്പില്‍ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.

പഴശ്ശി ബോട്ട് സർവീസ്; കരാറുകാരന് നോട്ടീസ് നൽകും

പഴശ്ശി പദ്ധതി പ്രദേശത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത കരാറുകാരന് നോട്ടീസ് നൽകാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ചെയർമാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. പഴശ്ശി ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറാണ് ഇതുസംബന്ധിച്ച് യോഗത്തിൽ അറിയിച്ചത്. ഏതുസമയവും ജലം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവീസ് അപകടകരമാണെന്ന് അറിയിച്ച പ്രകാരമാണ് നടപടി.

ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു

കാലവർഷക്കെടുതികൾ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0497 2713437.

തോട്ടില്‍ കാല്‍വഴുതി വീണ് സ്ത്രീ മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് തോട്ടില്‍ കാല്‍വഴുതി വീണ് തളിപ്പറമ്പ് താലൂക്കില്‍ ഒരു സ്ത്രീ മരിച്ചു. പട്ടുവം അരിയില്‍ ഒതേനന്റെ ഭാര്യ കള്ളുവളപ്പില്‍ നാരായണി (80) ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ തളിപ്പറമ്പ് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ 28 വീടുകളും പയ്യന്നൂര്‍ താലൂക്കില്‍ 22 വീടുകളും ഇരിട്ടി താലൂക്കില്‍ 15 വീടുകളും ഭാഗമായി തകര്‍ന്നു. കണ്ണൂര്‍ താലൂക്കില്‍ ഇരിവേരി വില്ലേജില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ വീട് തകര്‍ന്ന ഒരു സ്ത്രീയെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ബുധൻ ,വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലേർട്ട്

ജൂലൈ 26  ബുധൻ ,ജൂലൈ 27 വ്യാഴം  ദിവസങ്ങളിൽ കണ്ണൂര്‍ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട്പ്രഖ്യാപിച്ചു  . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.