Hivision Channel

latest news

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുന്‍പാണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, രണ്ട് നഴ്‌സുമാര്‍, ഒരു ഡോക്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് അപകടസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

മിംസ് ആശുപത്രിയെത്താന്‍ വെറും 500 മീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്നതിനെ കുറിച്ച് നിലവില്‍ വ്യക്തതയില്ല.

ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് കത്തി നശിച്ചു

പേരാവൂര്‍:കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് കത്തി നശിച്ചു.കുനിത്തലയിലെ പൊന്നമ്പത്ത് യശോദയുടെ വീടിന്റെ വയറിംഗാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.

ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും, തെക്കന്‍ തമിഴ്‌നാട് തീരത്ത് 0.7 മുതല്‍ 1.1 മീറ്റര്‍ വരെയും തിരമാല ഉയരും.

രണ്ട് പേര്‍ മരിച്ചു, 180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; എറണാകുളത്ത് 2 പഞ്ചായത്തുകളില്‍ അതീവ ജാഗ്രത

എറണാകുളം വേങ്ങൂരില്‍ 180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തില്‍ നിന്നാണ് ഇവിടെ ആളുകള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. രണ്ട് പഞ്ചായത്തുകളിലായി രണ്ടു പേര്‍ ഇതിനകം മഞ്ഞപിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

കാലവര്‍ഷം മെയ് 19ഓടെ

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയേക്കും. മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക. സാധാരണയായി മെയ് 22 ഓടു കൂടിയാണ് ആന്‍ഡമാന്‍ ഉള്‍കടലില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

പ്രണയപ്പകയില്‍ പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ.തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു ശ്യാംജിത്ത് കുറ്റക്കാരനാണെന്ന്  കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

പ്രതിഷേധത്തിനിടെ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പരാജയപ്പെട്ടു

പ്രതിഷേധങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ശ്രമിച്ച് മോട്ടോര്‍വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുട്ടത്തറയില്‍ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ മകളാണ് എച്ച് എടുക്കാന്‍ എത്തിയത്.കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയില്‍ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങ

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഇന്ന് ഒമ്പത് ജില്ലകളില്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തില്‍ നാളെ പത്തനംതിട്ടയില്‍ മാത്രമാണ് മഞ്ഞ അലര്‍ട്ട്. പിന്നീടുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് മഴ ലഭിക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. 14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മെയ് 13,16,17 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 മെയ് 14 &15 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്‌കൂളുകളില്‍ നിന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി തുടങ്ങി

സംസ്ഥാനത്തെ സ്‌കൂളുകളില്‍നിന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി തുടങ്ങി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കി വിട്ടുപോയവരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനമികവും വര്‍ധിപ്പിക്കാനും നടപടികളുണ്ട്. കൂടാതെ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്ന വിധത്തില്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

കഴിഞ്ഞ അക്കാദമികവര്‍ഷത്തില്‍ വിട്ടുപോയ കുട്ടികളുടെ വിവരങ്ങളും കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങളും ശേഖരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കുട്ടികളെ തിരികെ സ്‌കൂളിലേക്ക് എത്തിക്കാനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തണം. ഇവര്‍ മറ്റേതെങ്കിലും സ്ഥലത്തുപോയി പഠിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പുതിയ അക്കാദമിക വര്‍ഷത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നു ചേരേണ്ട കുട്ടികളുടെ എണ്ണം വില്ലേജ് വിദ്യാഭ്യാസ രജിസ്റ്ററില്‍നിന്നു ശേഖരിച്ച് എല്ലാവരും പ്രവേശനം നേടിയെന്ന് ഉറപ്പാക്കണം.

ആദിവാസിമേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ വകുപ്പിനെ ചുമതലപ്പെടുത്തി. ഇവിടെയുള്ള എല്ലാ വിദ്യാലയങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രഭാതഭക്ഷണം നല്‍കണം. കുട്ടികള്‍ക്ക് മേയ് അവസാനവാരത്തോടെ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കണം. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ ഊരുകളില്‍ രക്ഷാകര്‍തൃയോഗം മേയ് മൂന്നാംവാരത്തിനകം ചേരുന്നതിനായി സ്‌പെഷ്യല്‍ ഗ്രാമസഭ/ഊരുകൂട്ടം നടത്തും. അധ്യാപക പരിശീലനത്തില്‍ ട്രൈബല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും.ആദിവാസിക്കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ പ്രത്യേക പഠന പരിപോഷണ പരിപാടികള്‍ ജൂണ്‍മുതല്‍ ഫെബ്രുവരിവരെ സംഘടിപ്പിക്കും. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയ്ക്ക് അധിക പരിശീലനം നല്‍കും. കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന പരിപാടികള്‍ നടത്തും.

സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

This image has an empty alt attribute; its file name is students.1.2595184-2.jpg

സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 87.98 ശതമാനം .വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.

cbceresultsnic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്