Hivision Channel

latest news

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ്; 38811 വോട്ടര്‍മാര്‍ ശനിയാഴ്ച ബൂത്തിലേക്ക്

മട്ടന്നൂര്‍: നഗരസഭ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കും. വോട്ടര്‍ പട്ടികയില്‍ ആകെ 38811 വോട്ടര്‍മാരുണ്ട്. 18201 പുരുഷന്മാര്‍, 20608 സ്ത്രീകള്‍, രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂര്‍ എച്ച്.എസ്.എസില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആര്‍ കീര്‍ത്തി മേല്‍നോട്ടം വഹിച്ചു. വൈകിട്ടോടെ ബൂത്തുകള്‍ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്. ആകെയുള്ള 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

വീടിന്റെ താക്കോല്‍ കൈമാറി

മാലൂര്‍: സി.പി.ഐ.എം മാലൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കൈമാറി. ചെമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ഏരിയ സെക്രട്ടറി ടി. ബാലന്‍, ഒ.കെ ഭാസ്‌കരന്‍, കോട്ടായി ജനാര്‍ദ്ദനന്‍, റജി കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച കര്‍ഷകനായ തോമസ് പടിയകണ്ടത്തിലിനെ സന്ദര്‍ശിച്ചു

ചെട്ടിയാംപറമ്പ്: കര്‍ഷക ദിനാചരണ ദിനത്തോടനുബന്ധിച്ച് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച കര്‍ഷകനായ തോമസ് പടിയകണ്ടത്തിലിനെ സന്ദര്‍ശിച്ചു പ്രധാനാധ്യാപിക പി.കെ കുമാരി, വിനോദ്, ഷീന ബോബി, ബിനു മാനുവല്‍, ആന്റോ എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, തോമസ് പടിയകണ്ടത്തലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേളകം കൃഷി ഓഫീസര്‍ സുനില്‍ കുട്ടികളോട് സംവദിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പച്ചക്കറിത്തോട്ടം വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷിജിത്ത്, രേഷ്മ ചന്ദ്രന്‍, ശ്രീഷ ഇ, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു നേരത്തെ ഭക്ഷണവും പൈപ്പുകളും നല്‍കി

കേളകം: ഏവര്‍ഗ്രീന്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃപാഭവനില്‍ ഒരു നേരത്തെ ഭക്ഷണവും മോട്ടോറിന് ആവശ്യമായ പൈപ്പുകളും നല്‍കി. പ്രസിഡണ്ട് ഷാജി ജോര്‍ജ്, ജോബി കുരുവിള, സിനി ബിനോയി, സി.എം ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22 മുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാര്‍ഡുകാര്‍ക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30 31 തീയതികളില്‍ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക്
4,5 ,6 ,7 തീയതികളില്‍ അവസരം നല്‍കും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാര്‍ഡ് ഉടമകള്‍ അവരുടെ കടകളില്‍ നിന്നു തന്നെ കിറ്റ് വാങ്ങണം. 57 ലക്ഷം കിറ്റുകള്‍ ഇന്നു രാവിലെ വരെ തയാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങള്‍. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

കൊട്ടിയൂര്‍ : ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1981 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കെ.എം ബഷീര്‍, കെ.ആര്‍ വിദ്യാനന്ദന്‍, കെ.ജെ അലക്‌സാണ്ടര്‍, ജോസഫ് സെബാസ്റ്റ്യന്‍, ബെന്നി ജോണ്‍, മോഹനന്‍ എന്‍.എന്‍, മോളി എം.പി, പ്രധാനാധ്യാപകന്‍ ബിനു തോമസ്, സ്റ്റാഫ് സെക്രട്ടറി റിജോയി എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തീയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതല്‍ ഓണ പരീക്ഷകള്‍ ആരംഭിക്കും. അതേസമയം, നാളെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയുടെ സാഹചര്യത്തില്‍ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.

‘ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ വേണം’, പ്രതിഷേധം ശക്തമാക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന, നിയമ നടപടി തുടരും

കൊച്ചി: ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷന്‍ കുടിശികയായ 60 കോടി രൂപ നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. നിലവില്‍ സൗജന്യമായി കിറ്റ് കൈപ്പറ്റുന്ന മുന്‍ഗണന വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടനയുടെ ആവശ്യം. കൊവിഡ് കാലത്ത് പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ മുന്നിട്ടിറങ്ങിയ റേഷന്‍ വ്യാപാരികള്‍ ഇപ്പോള്‍ നിരാശയിലാണ്. കിറ്റ് സംഭരണത്തില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ അധികമുറി വാടകയ്ക്ക് എടുത്ത് കിറ്റ് സൂക്ഷിച്ചവര്‍ക്ക് വരെ ആ തുകയുമില്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷനുമില്ല. കിറ്റ് ഇറക്കുന്നത് മുതല്‍ സംഭരണം തുടങ്ങി വിതരണം വരെ റേഷന്‍ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറല്ല. ഹൈക്കോടതി ഇടപെട്ടിട്ടും വ്യാപാരികള്‍ക്ക് തുക ലഭിക്കുന്നില്ല.

നിലവില്‍ കിറ്റ് വിതരണത്തിന്റെ ഗതാഗത ചിലവിനുള്‍പ്പെടെ 13 രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവെച്ച് സംസ്ഥാനത്തുള്ള 14,500 റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കൂടി നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് ബാധിച്ച് 65 റേഷന്‍ വ്യാപാരികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന സംഘടനയുടെ കണക്ക് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതോടെ നഷ്ടപരിഹാരവും കിട്ടിയില്ല. സേവന മനോഭാവത്തില്‍ റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒരുഭാഗത്ത് മാത്രം വിട്ട് വീഴ്ച എന്തിനെന്നാണ് റേഷന്‍ വ്യാപാരികളുടെ ചോദ്യം.

കോവിന്‍ പോര്‍ട്ടല്‍ വഴി ഇനി രക്ത-അവയവ ദാനവും; നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിന്‍ പോര്‍ട്ടലില്‍ രക്ത-അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി പോര്‍ട്ടലിനു കീഴില്‍ കൊണ്ടുവരും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനം ഡിജിറ്റലൈസ് ചെയ്യും. ഇത് ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം പ്ലാറ്റ്‌ഫോമില്‍ തുടരും. പോര്‍ട്ടല്‍ വഴി പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്തുവെച്ചുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് ആവശ്യക്കാരുടെ അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്കാണ് പുതുക്കിയ പതിപ്പ് ലഭ്യമാക്കുക. തുടര്‍ന്ന് ഇത് ദേശീയ തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.ഐ.പി-ക്കു കീഴില്‍ ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.