Hivision Channel

latest news

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നിരുന്നു. 640 രൂപയുടെ വര്‍ദ്ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 40 രൂപയും വെള്ളിയാഴ്ചയും 40 രൂപയും വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതല്‍ വിതരണം തുടങ്ങും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു. മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. കഴിഞ്ഞ വര്‍ഷം പപ്പടവും,ശര്‍ക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തെന്ന് സ്‌പ്ലൈക്കോ. ഇ ടെന്‍ഡര്‍ മുതല്‍ പാക്കിംഗില്‍ വരെയുണ്ട് മുന്‍വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മുന്നില്‍ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്. പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേര്‍ന്ന് കൂടുതല്‍ സ്ഥലങ്ങള്‍ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്. തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകിട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ റേഷന്‍ കടകളില്‍ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുന്‍ഗണന അനുസരിച്ച് ഓണത്തിന് മുന്‍പെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ മിന്നൽ പരിശോധന

ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽ പരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ, ചെറുകുന്ന്, മാട്ടൂൽ എന്നീ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. നാറാത്ത്, കീഴല്ലൂർ പഞ്ചായത്തുകളിലെ പരിശോധനയിൽ മലിനീകരണമുണ്ടായതായി കണ്ടെത്തി പിഴ ഈടാക്കി.സ്ഥാപനങ്ങൾക്ക് സമീപമുള്ള ജലാശയങ്ങൾ, പുഴ, തോട് എന്നിവയിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളൽ, മലിനജലവും ഖരമാലിന്യങ്ങളും ഒഴുക്കിവിടൽ, കക്കൂസ് മാലിന്യം ഒഴുക്കിവിടൽ തുടങ്ങിയവയ്ക്കാണ് പിഴ ഈടാക്കുന്നത്. അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാണ് പരിശോധന. അടുത്തയാഴ്ച ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരുമിച്ച് പരിശോധന നടത്തുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ അറിയിച്ചു. ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് 10,000 രൂപയാണ് പിഴ ഈടാക്കുക.

വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന്  കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് സന്ദർശിക്കുക. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഈവനിംഗ് ടീ സ്നാക്സ്, ഡിന്നർ, എൻട്രി ഫീ ഉൾപ്പെടെ ഒരാൾക്ക് 1140 രൂപയാണ് ചാർജ്.ആഗസ്റ്റ് 21ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തീവ്രമഴ കാരണം നിർത്തി വെച്ചിരുന്ന പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കുള്ള അഡ്വഞ്ചർ ടൂർ പാക്കേജും 21ന് പുനരാരംഭിക്കും. 750 രൂപയാണ് ചാർജ്. രാവിലെ എഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഫോൺ: 9605372288, 8089463675.

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം

നീണ്ടുനോക്കി: തൊഴിലുറപ്പ് ദിനങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പുഷ്പകുമാരി, എം.വി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊട്ടിയൂര്‍: ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ സുപ്രീംകോടതി, പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ,കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളായ സി.എ രാജപ്പന്‍ മാസ്റ്റര്‍, ജില്‍സ് എം മേക്കല്‍, സി.വി ജേക്കബ്, പി.കെ ജോസഫ്, എം.എം സണ്ണി, സണ്ണി കണ്ടത്തില്‍ എന്നിവര്‍ നീണ്ടുനോക്കി പോസ്റ്റാഫീസില്‍ എത്തി കത്തുകള്‍ അയച്ചു.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റി ഓഫീസ് പി.വി നാരായണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം

പേരാവൂര്‍: സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റി ഓഫീസ് പി.വി നാരായണന്‍ സ്മാരക മന്ദിരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു

ഹര്‍ ഘര്‍ തിരംഗയെ നെഞ്ചേറ്റി രാജ്യം; വിറ്റത് 30 കോടി ദേശീയ പതാകകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെ നെഞ്ചേറ്റി ഇന്ത്യ. 30 കോടിയിലധികം ദേശീയ പതാകകളാണ് ഇത്തവണ വിറ്റു പോയതെന്നാണ് കണക്കുകള്‍. ഇതില്‍ നിന്ന് ഏകദേശം 500 കോടിയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. വീടുകളില്‍ ഉള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനത്തോടെ ജൂലൈ 22നാണ് പ്രധാന മന്ത്രി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

പേരാവൂര്‍ എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി

കേളകം: പേരാവൂര്‍ എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്തമായി അടക്കാത്തോട്, കേളകം ടൗണുകളിലെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി 1 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു.

പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ജെയിംസ് സി.എം,ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മജീദ് കെ.എ, രമീഷ് കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാഷിം എ, ഡിഗ്ന റോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ഗോപി. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.