Hivision Channel

Kerala news

തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പേട്ടയില്‍ എത്തി.

സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. സംഭവം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നടന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്.

കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകള്‍ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെട്ട റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.

ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്.

ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

വിവരമറിയിക്കേണ്ട മറ്റ് നംപറുകള്‍

9497 947107
9497960113
9497 980015
9497996988

ബേലൂര്‍ മഖ്‌ന ദൗത്യം പ്രതിസന്ധിയില്‍

മാനന്തവാടി പടമലയിലെ അജീഷ് എന്ന കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍. ആന കേരളം കടന്ന് നാഗര്‍ഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ആനയുടെ സ്ഥാനം. ആനയിപ്പോള്‍ സഞ്ചരിക്കുന്നത് കര്‍ണാടക വനത്തിന്റെ കൂടുതല്‍ ഉള്‍വശത്തേക്കാണ്. കര്‍ണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകല്‍ ആന തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില്‍ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി നിര്‍മ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു.

കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എം.സി.സി. മാറി. എം.സി.സി.യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷന്‍ തെറാപ്പിയാണ് പ്ലാക് ബ്രാക്കിതെറാപ്പി. കണ്ണുകള്‍ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്ച നഷ്ടമാകാതെ നിലനിര്‍ത്താനും ഈ ചികിത്സയിലൂടെ കഴിയും. കണ്ണിന്റെ ഉപരിതലത്തിലെ മുഴകള്‍, യൂവിയല്‍ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകള്‍ എന്നിവ ചികിത്സിക്കാന്‍ പ്ലാക്ക് ബ്രാക്കിതെറാപ്പി ഏറെ ഫലപ്രദമാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ഒരു പ്ളാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളില്‍ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്ക്കുകയും ചെയ്യുന്നു. റേഡിയേഷന്‍ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യുകയും രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. രോഗിയുടെ കാഴ്ച നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എം.സി.സി.യില്‍ ഈ ചികിത്സ യാഥാര്‍ത്ഥ്യമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ പോകാതെ കേരളത്തില്‍ തന്നെ ഈ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീശന്റെ ഏകോപനത്തില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശില്‍പ, ഡോ. സോണാലി, സ്റ്റാഫ് നഴ്സുമാരായ ജിഷ, മനീഷ്, ശ്രീജില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയില്‍ പങ്കാളികളായത്.

104ാം ജന്മദിനത്തില്‍ ചാച്ചിയമ്മയ്ക്ക് ആദരവുമായി സി പി ഐ

ഇരിട്ടി: സി പി ഐ പടിയൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേതനായ തുണ്ടത്തില്‍ വര്‍ഗീസിന്റെ ഭാര്യ ചാച്ചിയമ്മയുടെ 104ാം ജന്മദിനത്തില്‍ ചാച്ചിയമ്മയെ ആദരിച്ചു. കെ.കെ പ്രഭാകരന്‍, എ.സി സെബാസ്റ്റ്യന്‍, പായം ബാബുരാജ്, രാജീവന്‍ മാസ്റ്റര്‍, റിന ടീച്ചര്‍, എം.വി സുമേഷ്, ദിനേശന്‍, മുകുന്ദന്‍, ഗോവിന്ദന്‍ ,രാജന്‍, ജോസ് , ലിയോണ്‍, രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജെമ്പില്‍ സ്വര്‍ണ്ണം

പേരാവൂര്‍:പൂനയില്‍ നടന്ന 44ാമത് ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജെമ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടം സ്വന്തമാക്കി പേരാവൂര്‍ മണത്തണ സ്വദേശി പ്രവീണ്‍കുമാര്‍ തൈയില്‍. ഉഡുപ്പിയില്‍ വെച്ച് നടന്ന ദേശിയ ചാമ്പ്യന്‍ഷിപ്പിലും, കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും മുന്‍പ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. സ്വീഡനില്‍ വെച്ച് നടക്കുന്ന അന്തര്‍ ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.കീഴ്പ്പള്ളി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായിക അധ്യാപകന്‍ ആണ് പ്രവീണ്‍കുമാര്‍.ഭാര്യാ സാന്ദ്ര പ്രവീണ്‍.പാര്‍ത്വിപ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ എന്നിവര്‍ മക്കള്‍ ആണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍ സന്ദര്‍ശനം നടത്തും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍ സന്ദര്‍ശനം നടത്തും. കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടിലാണ് ഗവര്‍ണര്‍ എത്തുക. മാനന്തവാടി ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 18, 19 ) കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്റെ മികവ് അറിയണമെന്നും അതിന് ആവശ്യമായ പരിഷ്‌കാരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും വേണമെന്നും അതിന് ഇപ്പോഴുള്ള നേട്ടം മതിയാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാര്‍ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ കേവല പരിഷ്‌കരണമല്ല, കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായി മാറ്റുകയാണ് ലക്ഷ്യം. ഹയര്‍ എജ്യുക്കേഷന്‍ എക്കോ സിസ്റ്റം സജ്ജമാക്കേണ്ടതുണ്ട് ഇനിയും കൂടുതല്‍ മികവിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം എത്തിക്കണമെന്നും കൂടുതല്‍ നേട്ടം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ തൊഴില്‍ മേഖലയിലേക്ക് മാത്രമായി ചുരുങ്ങുന്നു. അത് പോര, ഗവേഷണ രംഗത്തേക്ക് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവേഷണ മേഖലയില്‍ ലോക നിലവാരത്തിലേക്ക് എത്താന്‍ കേരളത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിഭയുള്ള വിദ്യാര്‍ഥികളില്‍ പലരും വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന താപനില; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

ബിരുദധാരികള്‍ക്ക് സഹകരണ വകുപ്പില്‍ ജോലി ഒഴിവുകള്‍

സഹകരണ വകുപ്പില്‍ പബ്ളിക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷകള്‍ prsmconsultant@gmail.com ലേക്ക് മാര്‍ച്ച് 2നകം ലഭിക്കണം. 40,000 രൂപയാണ് പ്രതിമാസ വേതനം. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജേണലിസം, പബ്ളിക് റിലേഷന്‍സ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മികച്ച പരിജ്ഞാനമുണ്ടാവണം. പ്രമുഖ മാധ്യമങ്ങള്‍, പി. ആര്‍. ഏജന്‍സികള്‍ എന്നിവയില്‍ കുറഞ്ഞത് നാലു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം. പി. എസ്. സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമായിരിക്കും (നിയമാനുസൃത ഇളവുകള്‍ ലഭിക്കും).