Hivision Channel

hivision

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും.

ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയായണെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ പ്രതികരിച്ചു.

പ്രാഥമിക പരിശോധന തുടരുകയാണെന്നും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി. അതേസമയം, അപകടത്തില്‍ മരിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് വൈഷ്ണവും സഹോദരന്‍ വൈശാഖും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വൈശാഖിനും പരുക്കേറ്റിരുന്നു. പരുക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് നിര്‍ദേശം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുളളത്. നടപ്പ് ബജറ്റിലും വരുന്ന ബജറ്റിലും കര്‍ശനമായ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ശമ്പളം ഒഴികെയുളള ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചിയിക്കേണ്ടത്.

ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണകളും ചെലവുകളും തല്‍ക്കാലം ഒഴിവാക്കണം. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ തുക, ബജറ്റില്‍ നീക്കി വെച്ചിരിക്കുന്ന തുകയേക്കാള്‍ കൂടരുതെന്നും ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. ബജറ്റ് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ് എല്ലാവര്‍ഷവും സര്‍ക്കുലര്‍ പുറപ്പെടുവിക്കാറുണ്ട്.

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്ന് പുറത്താക്കി

കോഴിക്കോട് മയക്കു മരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവര്‍ത്തകയായ അധ്യാപിക കീര്‍ത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അധ്യാപികമാരായ കാവ്യയും മരുതോങ്കര സ്വദേശി കീര്‍ത്തനയും വടകര പൊലീസിന്റെ പിടിയിലായത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററായിരുന്നു ഇരുവരും. ആദ്യം പിടിയിലായ കീര്‍ത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയില്‍ എത്തിയത്.
മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണ് കാവ്യയുടെയും കീര്‍ത്തനയുടെയും ബാങ്ക് അക്കൗണ്ട്.

ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെയും അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീര്‍ത്തനയെ റിമാന്‍ഡ് ചെയ്ത ഉടന്‍തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എങ്കില്‍ മാത്രമേ ഇനി കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരൂ.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് യുഡിഎഫ് യുവജന സംഘടനകള്‍ നടത്തിയത്. പേരാമ്പ്ര ബിആര്‍സിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കയറാന്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.

സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം. ജന്‍ ധന്‍ യോജന 2014 ഇല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് ഇരയാകും.

ജന്‍ധന്‍ യോജന പ്രകാരം ഓരോ പൗരനും 500 രൂപ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നാണ് തട്ടിപ്പ് വീഡിയോയില്‍ പറയുന്നത്. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വരും. ഇതില്‍ വിവരങ്ങള്‍ കൊടുത്താല്‍ ഒരു സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ വരും. ഇതില്‍ പ്രസ് ചെയ്താല്‍ തുക അക്കൗണ്ടിലേക്ക് വരുമെന്ന നോട്ടിഫിക്കേഷന്‍ വരും. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സൈബര്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴയുടെ അളവില്‍ വര്‍ധനവ് ഉണ്ടാകും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ചു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ജൂലൈ 30 വരെ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദവും മഴയെ സ്വാധീനിക്കും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന വിഷയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

 കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു.

 കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

മുതിര്‍ന്ന സി പി എം നേതാവ് ബി.കെ കാദര്‍ അന്തരിച്ചു

ഇരിട്ടി:മുതിര്‍ന്ന സി പി എം നേതാവ് ബി.കെ.കാദര്‍ (77) അന്തരിച്ചു.
സി പി.എം മുന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ് എന്നീ നിലകളിലും ദീര്‍ഘകാലം ഇരിട്ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.കെ.കാദര്‍ മലയോര മേഖലയില്‍ സി.പി.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്. സി പി എം ഇരിട്ടി എരിയ കമ്മിറ്റി രൂപീകരണ ഘട്ടം മുതല്‍ ഏരിയ കമ്മിറ്റിയംഗമായി നേതൃനിരയില്‍ പ്രവര്‍ത്തിച്ച ബി.കെ.കാദര്‍ പ്രായാധിക്യത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്.
പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ: ടി.കെ സക്കീന
മക്കള്‍: സീനത്ത് , മുനീറ, പരേതനായ അബ്ദുള്‍ ജലീല്‍. മരുക്കള്‍: ആയിഷ, അബുബക്കര്‍, അഷ്റഫ്
ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മാടത്തില്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

‘പാറ്റകളുടെ വിജയം’; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി, രാജ്യത്ത് പാറ്റ വിപ്ലവം

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. പാറ്റകളുടെ വിജയമെന്നായിരുന്നു ​ദീപ്കേയുടെ ആദ്യപ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി.മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണെന്നും സിജെപി ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നൽകണം. എടുത്ത കേസുകളെല്ലാം പിൻവലിക്കണം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി വേണമെന്നും സിജെപി ആവശ്യമുന്നയിച്ചു.