Hivision Channel

hivision

നാട്ടില്‍ ലഹരിക്കെതിരേ പോരാട്ടം, വീട്ടില്‍ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസില്‍ പിടിയില്‍

പത്തനംതിട്ടയില്‍ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസില്‍ പിടിയില്‍. എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന. ANTI DRUGS MOVEMENT IN NATION എന്നാണ് സംഘടനയുടെ പേര്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പെട്ടി പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷര്‍ഫിന്‍

പ്രതിയെ രണ്ടുദിവസമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എംഡിഎംഎ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും യുവാവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഇയാളില്‍നിന്ന് 1.590 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

ഡാന്‍സാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാന്‍ ഷെര്‍ഫിന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍, കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍. കള്ളുഷാപ്പ് ഉടമയ്‌ക്കെതിരെയും കേസെടുത്തു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയില്‍ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.

വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് കള്ള് നല്‍കിയെന്ന് സമ്മതിച്ചത്. നേരത്തെയും കുട്ടികള്‍ക്ക് ഇവിടെ നിന്ന് കള്ള് നല്‍കിയിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു.

കേരളത്തില്‍ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

കേരളത്തില്‍ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്‌ക്കെതിരെ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് നടപടികള്‍ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടര്‍ച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതല്‍ എത്തുന്നത് ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവാണെന്നും വിദേശത്തുനിന്ന് ഉള്‍പ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു.

കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകള്‍ക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളില്‍ പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ നീക്കം. കോച്ചിംഗ് സെന്ററുകളിലെ ടോപ്പര്‍ പരസ്യങ്ങള്‍ക്ക് ഇതോടെ കടിഞ്ഞാണ്‍ വീഴും. കോച്ചിംഗ് സെന്ററുകള്‍ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ കൊണ്ടുവരും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 23 മണിക്കൂര്‍ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉള്‍പ്പെടെ നല്‍കാന്‍ പാടുള്ളൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍.

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോണ്‍ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളര്‍ കോഡും, ഫിറ്റിംഗ്‌സും പ്രശ്‌നമല്ല. വാഹന മോഡിഫിക്കേഷനില്‍, കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.

കേരളത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാല്‍, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.

വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂര്‍ അമല, ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസ് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

പിഎസ്‌സി മൂല്യനിര്‍ണയ വിവാദം; ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും, റാങ്ക് പട്ടിക റദ്ദാക്കും

മൂല്യ നിര്‍ണയ പിഴവില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം തീരുമാനിച്ച് പിഎസ്‌സി. ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാര്‍ക്കിടാതെ വിട്ട 10 ഉത്തരങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. പിഎസ്‌സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള,കര്‍ണാടക,ലക്ഷദീപ് തീരങ്ങളില്‍ ജൂലൈ രണ്ടുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം രൂക്ഷമായതോടെ കാലാവര്‍ഷക്കെടുതികളും വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീഷെല്‍സിന്റെ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീഷെല്‍സിന്റെ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും നേതൃത്വം നല്‍കിയതിനുള്ള സീഷെല്‍സിന്റെ പരമോന്നത ബഹുമതിയാണ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മെയ്‌നി പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സീഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ എത്തിയ മോദി, സീഷെല്‍സ് ദേശീയ അസംബ്ലിയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകള്‍ ചര്‍ച്ചയായി.

അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന 2026 മേയില്‍ മോദിക്ക് ‘അഗ്രിക്കോള മെഡല്‍’ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ആഗോള സഹകരണവും മുന്‍നിര്‍ത്തി 2018 ല്‍ സിയോള്‍ സമാധാന പുരസ്‌കാരവും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം.മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. സീറ്റുകള്‍ കുറവുള്ള മലപ്പുറം പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അതേസമയം, ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയെന്ന ആരോപണവും ഉണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് RDD അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോര്‍ട്ട് സംസ്ഥാനതല സമിതി പരിശോധിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കും. ഈ സമിതികള്‍ ചേരാതെയാണ് നിലവിലെ തീരുമാനം. ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിമര്‍ശനമാണ് ഉയരുന്നത്. കോഴിക്കോട് 12,062 ,മലപ്പുറത്ത് 35,178 പാലക്കാട് 15,394 സീറ്റുകളുടെ കുറവുണ്ട്. തൃശൂരില്‍ 4,289, വയനാട്ടില്‍ 2,076, കണ്ണൂരില്‍ 7,377, കാസര്‍കോട് 4,496 സീറ്റുകളുടെയും കുറവും ഉണ്ട്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ 80,869 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ഇല്ലാത്തത്.