
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീഷെല്‍സിന്റെ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും നേതൃത്വം നല്‍കിയതിനുള്ള സീഷെല്‍സിന്റെ പരമോന്നത ബഹുമതിയാണ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മെയ്‌നി പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സീഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ എത്തിയ മോദി, സീഷെല്‍സ് ദേശീയ അസംബ്ലിയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകള്‍ ചര്‍ച്ചയായി.
അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന 2026 മേയില്‍ മോദിക്ക് ‘അഗ്രിക്കോള മെഡല്‍’ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ആഗോള സഹകരണവും മുന്‍നിര്‍ത്തി 2018 ല്‍ സിയോള്‍ സമാധാന പുരസ്‌കാരവും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.














