Hivision Channel

hivision

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ അടിഞ്ഞു കൂടി: ഇന്നുമുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങില്ല, പദ്ധതി നിര്‍ത്തലാക്കിയെന്ന് നോട്ടീസ് പ്രദര്‍ശിപ്പിക്കും

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയെന്ന് ഇന്നുമുതല്‍ ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. കാലിയായ മദ്യക്കുപ്പികള്‍ അടിഞ്ഞു കൂടിയതോടെയാണ് കാലിയായ മദ്യകുപ്പികള്‍ നീക്കം ചെയ്യാതെ പല ഔട്ട്‌ലറ്റുകളിലും കെട്ടികിടന്നു. കുപ്പികള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരാതി അറിയിച്ചിരുന്നു. മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയില്‍ നിന്നുള്ള ബെവ്‌കോയുടെ പിന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതാണ് പദ്ധതി. എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതിക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുവരെ മദ്യം വാങ്ങിയവര്‍ക്ക് ഈ മാസം 20 വരെ കുപ്പി തിരികെ നല്‍കി പണം കൈപ്പറ്റാം. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല.

ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.

മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും; ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണം ഉയരുന്നു

മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും. സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 302 പേര്‍ക്കാണ് രോഗബാധ. എച്ച്1എന്‍1 കേസുകളും ഉയരുകയാണ്.

പനി, ശരീരവേദന, ജലദോഷം- സാധാരണ പനിയാണെന്ന് കരുതി ഒഴിയരുത്. സംസ്ഥാനത്തെ ഇന്‍ഫ്‌ലുവന്‍സ്, അഥവാ ഫ്‌ലൂ കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 115 രോഗികളാണ് ചികിത്സ തേടിയത്. നാല് ദിവസത്തിനിടെ 3 മരണം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍ 2899 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 31 മരണം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ ആകെ 70 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന H1N1 കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2771 പേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. 42 H1N1 മരണവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇന്‍ഫ്‌ലുവന്‍സ കണക്കുകള്‍. എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. തിരുവനന്തപുരവും കോഴിക്കോടും നഗരമേഖലകളില്‍ രോഗബാധ കൂടുന്നുണ്ട്. കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ കൂടുതല്‍ സമയം വൈറസ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. സ്‌കൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുമ്പോള്‍ വൈറസ് വേഗത്തില്‍ പകരുന്നു. കണക്കുയരാന്‍ കാരണമിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും, ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ വേഗം ചികിത്സ തേടുന്നതും ഉറപ്പാക്കണം. ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ക്കൊപ്പം, ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണത്തിലും കുറവില്ല. പ്രതിദിന ഡെങ്കിരോഗികളുടെ എണ്ണം 100ന് അടുത്താണ്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറുമ്പോള്‍ എലിപ്പനി രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത മുന്നിലുണ്ട്. തിരിച്ചറിയാന്‍ വൈകിയാല്‍ എലിപ്പനി ജീവനെടുക്കും. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതും നേരത്തെ ചികിത്സതേടുന്നതും എലിപ്പനി പ്രതിരോധത്തില്‍ പ്രധാനമാണ്.

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

സര്‍ക്കാര്‍ ആശുപത്രിക്ക് ഉള്ളില്‍ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ എന്‍ജിഒ സംഘടന ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളില്‍ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനില്‍ക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.

ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നതില്‍ മന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളില്‍ കൊടിവെച്ച് വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പിന്നീട് വിശദീകരിച്ചു. ആശുപത്രിക്കുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോള്‍ മന്ത്രിയെ സ്വീകരിച്ചിരിക്കുന്നത്.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളില്‍ വെള്ളം കയറിയവര്‍ക്കും നഷ്ടപരിഹാരം നല്‍കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ വീടുകളില്‍ വെള്ളം കയറിയതിന് ആയിരുന്നു സഹായം നല്‍കിയിരുന്നത്. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നില്‍ക്കുന്നതും ആശ്വാസമാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെയാണ്. റാന്നിയില്‍ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാന്‍ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വിദഗദ്ധര്‍. 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മഴക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 27,048 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. 14 ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേര്‍ കഴിയുന്നു. മഴക്കെടുതിയില്‍ 67.44 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി. കനത്ത മഴയെത്തുടര്‍ന്ന് 53 വീടുകള്‍ പൂര്‍ണമായും 588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ഡാമുകള്‍ തുറന്നിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കുമെന്നും സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ല്‍ തൃശ്ശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായം അനുവദിച്ചു. കാലവര്‍ഷക്കെടുതിയില്‍ 26പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തില്‍ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും. ഫ്‌ലഡ് മാപ്പിംഗ് അടക്കം നടത്തും. ഡാമുകളിലെ മണല്‍ നീക്കും. നദികളില്‍ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഡാം മാനേജ്മന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. എഐ ഡ്രിവണ്‍ സംവിധാനം ഒരുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പ്രഗത്ഭരുടെ വലിയ സംഘം വരും. നദിതീര കയ്യേറ്റം കണ്ടെത്താന്‍ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നു കൂടി പേര് ചേര്‍ക്കാം

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപ തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് (ആഗസ്റ്റ് 5) കൂടി അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

2026 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. അതിന് ഓണ്‍ലൈനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 306947 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 157616 സ്ത്രീകളും 149327 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 38 വാര്‍ഡുകള്‍ക്കായി 385 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.

കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷന്‍ വെബ്‌സൈറ്റിലും പരിശോധിക്കാം.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്) മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്) 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

പത്തനംതിട്ടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് പരുക്ക്

പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് പരുക്ക്. എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. പ്രളയ സംബന്ധമായി കാര്യങ്ങള്‍ ഏകോപിപ്പിച്ച ശേഷം എഎല്‍എ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയ്ക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു കാര്‍ എംഎല്‍എയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എയെയും ഒപ്പമുണ്ടായിരുന്നവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും ചതവുകളുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ആശുപത്രിയില്‍ നിന്ന് പരുക്കേറ്റ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയില്‍ അടക്കം വേഗത്തില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്താന്‍ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചുമതലയുള്ള മന്ത്രിമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.