Hivision Channel

Local News

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം

തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി ഉയര്‍ന്നു. പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവിന്‍റെ ഊഴം. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നെള്ളിയ ദേവിയെ സാക്ഷി നിര്‍ത്തിയാണ് ദേശക്കാര്‍ കൊടി ഉയര്‍ത്തിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തില്‍ നില്‍ക്കുന്ന പാല മരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ പാറമേക്കാവ് ഉയര്‍ത്തി. എട്ടു ഘടക ക്ഷേത്രത്തില്‍ ലാലൂരാണ് ആദ്യം കൊടിയേറ്റിയത്. 

പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളും കൊടിയേറ്റി. 24 ന് തൃശൂര്‍ പൂരത്തിന്‍റെ ചമയ പ്രദര്‍ശനം നടക്കും. അന്ന് വൈകിട്ട് ഏഴിനാണ് സാംപിള്‍ വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും . 26ന് കാലത്ത് കണിമംഗലം ശാസ്ത്രാവിന്‍റെ വരവോടെ ഘടക പൂരങ്ങളുടെ പുറപ്പാട് ആരംഭിക്കും. പിന്നാലെ മേളാസ്വാദകര്‍ക്കായി തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും. പിന്നാലെ പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളം. പിന്നെ വിശ്വപ്രസിദ്ധമായ കുടമാറ്റം. 27 പകല്‍പ്പൂരത്തോടെ ഉപചാരം ചൊല്ലിപ്പിരിയും.

വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

 വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സം​ഗീത സ്വർണ ലി​ഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സം​ഗീത വിവാഹമോചന ഹർജി നൽകിയത്. ​വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.മാർച്ച് 7ന് മറ്റൊരു ഹർജിയും സം​ഗീത നൽകിയിരുന്നു. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.

വാൽപ്പാറയിൽ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 അധ്യാപകർക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകൾ; 4 പേർക്ക് ഗുരുതര പരിക്ക്

തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവറടക്കം 13 പേർ ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം.

കൊട്ടിയൂർ വൈശാഖോത്സവം സുഗമമാക്കുന്നതിന് വിവിധവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും

Kottiyoor Shiva Temple: ವರ್ಷದಲ್ಲಿ 28 ದಿನ ಮಾತ್ರ ತೆರೆಯುವ ಕೇರಳದ ಶಿವ ದೇಗುಲದ  ರೋಚಕ ಇತಿಹಾಸ ತಿಳಿಯಿರಿ | Know About Kerals Kottiyoor Shiva Temple History Pav  | Asianet Suvarna News

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ നിർദ്ദേശം നൽകി. ഭക്തജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് കൂടുതൽ പൊലീസുകാരെയും ഫയർ ഫോഴ്‌സിന്റെ സ്കൂബാ ടീം ഉൾപ്പെടയുള്ളവയും വിന്യസിക്കുന്നതിന് തീരുമാനിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ജലഅതോറിറ്റി തലശ്ശേരി സബ്ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും വഴികളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ്, ഫയർ ഫോഴ്സ്, ദേവസ്വം എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നതിനും കലക്ടർ നിർദ്ദേശം നൽകി. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഉത്സവം നടത്തുന്നതിന് ശുചിത്വമിഷൻ നടപടികൾ സ്വീകരിക്കണം. ബി.എസ്.എൻ.എൽ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ആർ.ടി.സി മതിയായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി.

സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം കലാ ഭാസ്കർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മേയ് നാലു വരെ പിരിക്കാം: മുഹമ്മദ് റിയാസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒമ്പതു മുതൽ മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും റിയാസ് പരിഹസിച്ചു.

ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എൽഡിഎഫ് ഭരണം തുടരും. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് വോട്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

‘മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം’: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

 ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്‌ലാമി.

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.

പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു.

കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ.

കനത്ത പോലീസ്, കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് വ്യാഴാഴ്ച്ച വോട്ടിംഗ് പൂർത്തിയായശേഷം സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങൾ.

വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ്‌ റൂമികളിലേക്ക് മാറ്റിയശേഷം അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു.

കണ്ണൂർ, അഴീക്കോട്‌, ധർമ്മടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ ചാല ചിൻടെക്കിലെ സ്ട്രോങ്ങ്‌ റൂമിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലേത് തലശ്ശേരി ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ്‌ റൂമിലും കല്യാശ്ശേരി, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ്ങ്‌ റൂമിലുമാണ് സൂക്ഷിക്കുന്നത്.

സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് നാലിന് കാലത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.

കണ്ണൂർ ചാല ചിൻടെക്ക്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

പ്രാർഥനകൾ വിഫലം, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ശ്രീനന്ദയുടെ മൃതദേഹം,കാണാതായത് നാലുദിവസം മുമ്പ്‌

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടർന്ന തിരച്ചിൽ അവസാനിച്ചത് കണ്ണീരിൽ. 1500 അടിയോളം താഴ്ചയിൽനിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

വനംവകുപ്പുംപോലീസും നാട്ടുകാരുമടങ്ങുന്ന നൂറോളം പേരുടെസംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പം ചിക്കമംഗളൂരുവിൽ വിനോദയാത്രയക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. തുടർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.

കുടകില്‍ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

കുടകിലെ കൂര്‍ഗില്‍ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ് ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും നേരിട്ട് വിഷയത്തില്‍ ഇടപെടണം എന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.

ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയില്‍നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് നംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.

കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്. വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. മകള്‍ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു എന്നും, തനിച്ച് ഇതിനുമുമ്പും ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നും പിതാവ് ഗോപി പറഞ്ഞു.