
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ നിർദ്ദേശം നൽകി. ഭക്തജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് കൂടുതൽ പൊലീസുകാരെയും ഫയർ ഫോഴ്‌സിന്റെ സ്കൂബാ ടീം ഉൾപ്പെടയുള്ളവയും വിന്യസിക്കുന്നതിന് തീരുമാനിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ജലഅതോറിറ്റി തലശ്ശേരി സബ്ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും വഴികളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ്, ഫയർ ഫോഴ്സ്, ദേവസ്വം എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നതിനും കലക്ടർ നിർദ്ദേശം നൽകി. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഉത്സവം നടത്തുന്നതിന് ശുചിത്വമിഷൻ നടപടികൾ സ്വീകരിക്കണം. ബി.എസ്.എൻ.എൽ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ആർ.ടി.സി മതിയായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി.
സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം കലാ ഭാസ്കർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.














