Hivision Channel

Local News

ഷിരൂരില്‍ സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്പി

കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ്പി. കഴിഞ്ഞ ദിവസ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും ഇന്ന് തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി നാരായണ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി പറഞ്ഞു. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല.  നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റർ റൂട്ടീൻ തെരച്ചിലിന്റെ ഭാഗമായി സർവയലൻസ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.

ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ. അതേസമയം നാവിക സേനയുടെ നേതൃത്വത്തിലുള്ള തെരച്ചിലിൽ പ്രതീക്ഷ ഉണ്ടെന്ന് അർജുന്റെ കുടുംബം പറഞ്ഞു. കാര്യക്ഷമമായ തെരച്ചിൽ നടത്തണം. സംസ്ഥാനം ഔദ്യോഗികമായി തെരച്ചിലിന് നേതൃത്വം നൽകുന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് അർജുന്‍റെ സഹോദരി ഭർത്താവ് പറഞ്ഞു.

ഇന്നലെ ലോറിയുടെ ഒരു ഭാഗം കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ പേർ എത്തി തെരച്ചിൽ നടത്തുന്നത് കൊണ്ട് പ്രതീക്ഷ ഉണ്ടെന്നും അർജുന്‍റെ കുടുംബം അറിയിച്ചു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്

ഷിരൂരില്‍ സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്പി Read More »

വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും, ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല

വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎൻഎ പരിശോധനാ ഫലം കിട്ടിത്തുടങ്ങി. ഇന്ന് മുതൽ ഇത് പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. താൽക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് സർക്കാർ.250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.  

വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോൺ പരിശോധന ഇന്നും തുടരും. വിലങ്ങാട് പല ഇടങ്ങളിലായി നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്. ശേഷിച്ച സ്ഥലങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും. 

വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും, ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല Read More »

ഇന്നലെ വരെ സ്ഥിരീകരിച്ചത് 364 മരണം, 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ ചാലിയാറിൽ തെരച്ചിൽ തുടങ്ങും

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തെരച്ചിൽ. ചാലിയാറിൽ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിച്ചു. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്. ഇന്നലെ തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. ഇന്നും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ​ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തുടര്‍ന്ന് തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.

ഇന്നലെ വരെ സ്ഥിരീകരിച്ചത് 364 മരണം, 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ ചാലിയാറിൽ തെരച്ചിൽ തുടങ്ങും Read More »

135 മരണം സ്ഥിരീകരിച്ചു, രാവിലെ വീണ്ടും തെരച്ചിൽ

ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങും. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളാണ്ഇന്ന് നടക്കുക.

135 മരണം സ്ഥിരീകരിച്ചു, രാവിലെ വീണ്ടും തെരച്ചിൽ Read More »

കനത്ത മഴ: ജില്ലയിൽ ഏഴ് ക്യാമ്പിലായി 277 പേർ

ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പിലേക്ക് 79 കുടുംബങ്ങളിലെ 277 അംഗങ്ങളെ മാറ്റി പാർപ്പിച്ചു.തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്.തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരെ മാറ്റി. ശിവപുരം കുണ്ടേരി പൊയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ ( താത്കാലികമായി) ഏഴ് കുടുംബങ്ങളിലെ 27 ആൾക്കാർ കഴിയുന്നു .തളിപ്പറമ്പ് താലൂക്കിൽ ചങ്ങളായിയിൽ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 19 പേർ കഴിയുന്നു.ഇരിട്ടി താലൂക്കിൽ കണിച്ചാർ സാംസ്കാരിക നിലയത്തിൽ ആറ് കുടുംബങ്ങളിലെ 23 അംഗങ്ങൾ കഴിയുന്നു.ഇരിട്ടി താലൂക്കിൽ ചാവശ്ശേരി പോസ്റ്റ് ഓഫീസിനടുത്ത് കുത്തനെയുള്ള ഒരു വലിയ പാറ ഇടിഞ്ഞതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.

കനത്ത മഴ: ജില്ലയിൽ ഏഴ് ക്യാമ്പിലായി 277 പേർ Read More »

‘സമ്പൂര്‍ണ മാലിന്യമുക്ത കേരളം’ ക്യാമ്പയിന് പിന്തുണയുമായി സര്‍വകക്ഷിയോഗം; ആറുമാസം ജനകീയ പ്രചാരണം

2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. മാലിന്യ സംസ്‌കരണ പ്രവത്തനങ്ങളില്‍ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിന്‍ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് സെപ്റ്റംബര്‍ 20-നകം പ്രസിദ്ധപ്പെടുത്തും.ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2025 മാര്‍ച്ച് 30-ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണ്ടേതുണ്ട്. ഇതിനായി മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍, കൃത്യമായി തരംതിരിക്കല്‍, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്‌കരിക്കല്‍, അജൈവ പാഴ്‌വസ്തുക്കള്‍ ഹരിതകര്‍മസേനകള്‍ വഴി കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തും.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍: സമ്പൂര്‍ണ മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയ ടൗണുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും. ജനകീയ വിജിലന്‍സ് സ്‌ക്വാഡുകള്‍, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പരിശോധനകള്‍ എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള്‍ സ്ഥാപിക്കും.

കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം. പാഴ്‌വസ്തു ശേഖരണം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍, ശേഖരിച്ചവ സംഭരിക്കല്‍, പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യല്‍, സാനിറ്ററി മാലിന്യ സംസ്‌കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്‌കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്‍, ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്റുകള്‍ നീക്കം ചെയ്യല്‍, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്‌കരണം, എന്‍ഫോഴ്‌സ്‌മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തികളിലും ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. ഇത്തരം പരിശോധനകള്‍ സംബന്ധിച്ച് മാര്‍ഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റുകളെ ഹരിത ചെക്‌പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികള്‍ കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.

പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം സംഘടിപ്പിക്കും. മത-സാമൂദായിക-രാഷ്ട്രീയ-യുവജന-വിദ്യര്‍ത്ഥി-മഹിളാ-സാംസ്‌കാരിക സംഘടനകളുടേത് ഉള്‍പ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂര്‍ണാമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല നിര്‍വഹണ സമിതി രൂപികരിക്കും.

ഈ സമിതിയില്‍ മന്ത്രിമാര്‍, ചീഫ് വിപ്പ്, വകുപ്പുതല മേധാവികള്‍, ഉദ്യേഗസ്ഥ നേതൃത്വം, റസിഡന്‍സ് അസോസിയേഷന്‍, യുവജന, വിദ്യാര്‍ത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. ജില്ലാ, ബ്ലോക്ക്, കേര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് തല, വര്‍ഡ്/ ഡിവിഷന്‍തല നിര്‍വഹണ സമിതികള്‍ രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാര്‍ട്ടി, യുവജന, വിദ്യാര്‍ത്ഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാര്‍ഡുതല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

എല്ലാവരും ഒന്നിച്ചുനിന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗ ബഹുജന പോഷക സംഘടനകളും ക്യാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് തടസ്സമാകുന്ന നിരോധിത ഉല്‍പനങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ കര്‍ശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര് ആര്‍ജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താനാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അച്യുത്ശങ്കര്‍ എസ്. നായര്‍ (കോണ്‍ഗ്രസ്-ഐ), ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ (സിപിഐ), അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ (ഐയുഎംഎല്‍), കെ. അനന്ദകുമാര്‍ (കേരള കോണ്‍ഗ്രസ്-എം), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍-സെക്കുലര്‍), പി.എം. സുരേഷ് ബാബു (എന്‍സിപി), കെ.ജി. പ്രേംജിത്ത് (കേരള കോണ്‍ഗ്രസ്-ബി), അഡ്വ. ഷാജ ജി.എസ്. പണിക്കര്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്), കെ.ആര്‍. ഗിരിജന്‍ (കേരള കോണ്‍ഗ്രസ്-ജേക്കബ്), സി. കൃഷ്ണകുമാര്‍ (ബിജെപി), ഡോ. വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), ബാബു ദിവാകരന്‍ (ആര്‍എസ്പി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), പി.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി., അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരും സംസാരിച്ചു.

‘സമ്പൂര്‍ണ മാലിന്യമുക്ത കേരളം’ ക്യാമ്പയിന് പിന്തുണയുമായി സര്‍വകക്ഷിയോഗം; ആറുമാസം ജനകീയ പ്രചാരണം Read More »

തിരുവനന്തപുരത്ത് സ്ത്രീക്ക് നേരേ വെടിവെപ്പ്;വെടിയുതിര്‍ത്തതും യുവതി, പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍പിസ്റ്റൾ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ സിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സ്ത്രീക്ക് നേരേ വെടിവെപ്പ്;വെടിയുതിര്‍ത്തതും യുവതി, പ്രതി രക്ഷപ്പെട്ടു Read More »

IAS പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും; ജീവന്‍ നഷ്ടമായത് എറണാകുളം സ്വദേശിക്ക്‌

സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്മെന്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു.

IAS പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും; ജീവന്‍ നഷ്ടമായത് എറണാകുളം സ്വദേശിക്ക്‌ Read More »

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ, 196 പേർ ഹൈറിസ്ക് വിഭാഗത്തിൽ; അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സന്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു.പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്.ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ, പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി. നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ്  തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.  മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും. 

 
 നിപ ബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ, 196 പേർ ഹൈറിസ്ക് വിഭാഗത്തിൽ; അവലോകന യോഗം ഇന്ന് Read More »

ഉദയഗിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ ഉത്തരവ്

ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയന്‍ ഉത്തരവായി. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു.പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സമര്‍പ്പിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്.ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ആപ്പീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

ഉദയഗിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ ഉത്തരവ് Read More »