കണ്ണൂർ: ചെറുതാഴത്ത് സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയന്‍ തോമസ് (62) ആണ് മരിച്ചത്. സംഭവത്തില്‍ മകന് ഇ.ടി ജിനുവിന് (31) പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്താണ് അപകടം.
സ്കൂട്ടറില്‍ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് പോകുന്നതിനിടെ മേലതിയടം റോഡിന്റെ ഇടതുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നും പന്നി ഓടിവന്ന് സ്കൂട്ടറിനിടിക്കുക യായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ജിനുവിൻ്റെ തോളെല്ലിനും കൈക്കും പരിക്ക് പറ്റി.
തോമസിന് തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
മേപ്പാടി:കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. NDRF സംഘങ്ങൾ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകനായ കുഞ്ഞുധ്രുവാന് വേണ്ടിയുള്ള ധനസമാഹരണയജ്ഞം ഫലംകണ്ടു. ചികിത്സയ്ക്കാവശ്യമായി 16 കോടിരൂപ സമാഹരിക്കാനായെന്ന് ക്യാംപയിനുവേണ്ടി തയ്യാറാക്കിയ ഇൻസ്റ്റഗ്രാം പേജിൽ കുടുംബം പങ്കുവെച്ചു. ക്യംപയിനിലൂടെ അസാധ്യമെന്നു കരുതിയത് സാധ്യമെന്ന് തെളിയിക്കാനായി. നിങ്ങളോരോരുത്തരും പണം മാത്രമല്ല നൽകിയത് മകന് ഒരു ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും ഓരോ പ്രാർഥനയ്ക്കും ഓരോ ദയയുള്ള വാക്കുകൾക്കും ഉറക്കമില്ലാതെ പ്രാർഥിച്ച ഓരോ രാത്രികൾക്കും നന്ദിയറിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.ധ്രുവാൻ ജീവിക്കാനും വളരാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കാരണം നിങ്ങളോരോരുത്തരും ആണെന്നും നന്ദിയറിയിക്കാൻ വാക്കുകളില്ലെന്നും പങ്കുവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെയും കഥയാണിത്. ഇത് ധ്രുവാന്റെ മാത്രം കഥയല്ല നമ്മളോരോരുത്തരുടേയും മനുഷ്യത്വത്തിന്റെയും കഥയാണെന്നും പോസ്റ്റിലുണ്ട്.
‘സേവ് ബേബി ധ്രുവാൻ’ എന്നപേരിലാണ് ക്യാംപെയ്ൻ നടത്തിയത്. ഒരുമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗാവസ്ഥ സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കാലുകൾ പൊക്കാതിരുന്നത് കണ്ടപ്പോൾ ഡോക്ടർമാരെ കാണിച്ചു, വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സ്പൈനൽ മസ്കുലർ അട്രോഫി
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്പൈനൽ മസ്കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.
വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. അതിനിടെ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ഗുരുതരല്ല. തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.
കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.ണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാഗ്യകരമായ ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എൻ ഡി ആർ എഫിന്റെ 30 അംഗസംഘം വയനാട്ടിൽ നിന്നും കോഴിക്കോടിൽ നിന്നും 30 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡിഫൻസ് സെക്യൂരിറ്റിയുടെ 100 അംഗങ്ങളുടെ ടീമിന് സ്റ്റാൻഡ് ബൈ ആയി നിയോഗിച്ചിട്ടുണ്ട്. മണ്ണ് മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടും, അത് പാലിച്ചില്ല. ഇത് മനുഷ്യനിർമ്മിത ദുരന്തം ആണ്. വയനാട്ടിൽ 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആറളത്ത് പകൽ സമയങ്ങളിൽ പോലും ജനവാസമേഖലകളിൽ ആന ഇറങ്ങുന്ന പ്രശ്നത്തിന് പരിഹാരമായി ആനമതിൽ നിർമ്മാണം വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറളത്ത് ദ്രുതകർമ്മസേനയുടെ വണ്ടി തന്നെ ആന മറിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ആന റോഡിൽ ഇറങ്ങുന്നു. ആനമതിലിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ വനം മന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകൾ ചേർന്ന് ഏതാനും പഠനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആനയെ ആകർഷിക്കാത്ത കൃഷി രീതി അവലംബിക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെക്കാൻ തോക്ക് ലൈസൻസിനുള്ള അപേക്ഷയിന്മേൽ പെട്ടെന്ന് തീരുമാനമെടുക്കണം.
കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി ഉടമകൾ വെട്ടിതെളിക്കാത്ത വിഷയത്തിൽ അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയ്യാറാക്കാൻ ജില്ലാ കലക്ടർ പി വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി.
വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും മനുഷ്യ-കാട്ടാന സംഘർഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ട്.
ജില്ലയിൽ സർപ്പ വളണ്ടിയർമാരുടെ കുറവുണ്ട്. മലയോരത്ത് തന്നെ കൊട്ടിയൂർ, കണിച്ചാർ ഒഴികെ മറ്റിടങ്ങളിൽ വേണ്ടത്ര സർപ്പ വളണ്ടിയേഴ്സ് ഇല്ല. വളണ്ടിയേഴ്സ് ആവാൻ താൽപ്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നൽകിയാൽ പരിശീലനം നൽകാൻ വനം വകുപ്പ് തയ്യാറാണ്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രി നിർദേശിച്ചു.
അയ്യൻകുന്ന്, കൊട്ടിയൂർ, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളിൽ സോളാർ തൂക്കുവേലി നിർമ്മാണം പുരോഗമിക്കുകയാണ്.
യോഗത്തിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ കെ സുബൈർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ സി സച്ചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് നല്കുന്ന താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്.