Hivision Channel

‘പണംമാത്രമല്ല ജീവിതംകൂടിയാണ് നൽകിയത്,എല്ലാവർക്കും നന്ദി’; കുഞ്ഞുധ്രുവാനുവേണ്ടി 16കോടിരൂപ സമാഹരിച്ചു

സ്പൈന‍ൽ മസ്കുലർ അട്രോഫി ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകനായ കുഞ്ഞുധ്രുവാന് വേണ്ടിയുള്ള ധനസമാഹരണയജ്ഞം ഫലംകണ്ടു. ചികിത്സയ്ക്കാവശ്യമായി 16 കോടിരൂപ സമാഹരിക്കാനായെന്ന് ക്യാംപയിനുവേണ്ടി തയ്യാറാക്കിയ ഇൻസ്റ്റഗ്രാം പേജിൽ കുടുംബം പങ്കുവെച്ചു. ക്യംപയിനിലൂടെ അസാധ്യമെന്നു കരുതിയത് സാധ്യമെന്ന് തെളിയിക്കാനായി. നിങ്ങളോരോരുത്തരും പണം മാത്രമല്ല നൽകിയത് മകന് ഒരു ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും ഓരോ പ്രാർഥനയ്ക്കും ഓരോ ദയയുള്ള വാക്കുകൾക്കും ഉറക്കമില്ലാതെ പ്രാർഥിച്ച ഓരോ രാത്രികൾക്കും നന്ദിയറിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.ധ്രുവാൻ ജീവിക്കാനും വളരാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കാരണം നിങ്ങളോരോരുത്തരും ആണെന്നും നന്ദിയറിയിക്കാൻ വാക്കുകളില്ലെന്നും പങ്കുവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെയും കഥയാണിത്. ഇത് ധ്രുവാന്റെ മാത്രം കഥയല്ല നമ്മളോരോരുത്തരുടേയും മനുഷ്യത്വത്തിന്റെയും കഥയാണെന്നും പോസ്റ്റിലുണ്ട്.

‘സേവ് ബേബി ധ്രുവാൻ’ എന്നപേരിലാണ് ക്യാംപെയ്ൻ നടത്തിയത്. ഒരുമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗാവസ്ഥ സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കാലുകൾ പൊക്കാതിരുന്നത് കണ്ടപ്പോൾ ഡോക്ടർമാരെ കാണിച്ചു, വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി

ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.

Leave a Comment

Your email address will not be published. Required fields are marked *